ഷിക്കാഗോ രൂപതയില്‍ കരുണയുടെ ജൂബിലി വര്‍ഷാചരണത്തിനു തിരിതെളിഞ്ഞു
Wednesday, December 16, 2015 7:48 AM IST
ഫിലാഡല്‍ഫിയ: പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ആഗോളസഭയില്‍ പ്രഖ്യാപനം ചെയ്ത കരുണയുടെ ജൂബിലി വര്‍ഷാചരണത്തിനു ഭാരതത്തിനു വെളിയിലുള്ള ആദ്യത്തെ സീറോമലബാര്‍ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് രൂപതയില്‍ തുടക്കമായി. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഫിലാഡല്‍ഫിയാ ഫൊറോനാ ദേവാലയത്തിലും, സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ഷിക്കാഗൊ കത്തീഡ്രല്‍ ദേവാലയത്തിലും ഒരേ ദിവസം നടത്തിയ തിരുക്കര്‍മ്മങ്ങളിലൂടെ ജൂബിലി വര്‍ഷത്തിന്റെ ഉല്‍ഘാടനം തിരി തെളിച്ചുകൊണ്ട് നിര്‍വഹിച്ചു.

ഡിസംബര്‍ എട്ടിനു റോമില്‍ ക്രമീകരിച്ചിക്കുന്ന വിശേഷാല്‍ ചടങ്ങില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധകവാടം തുറന്നുകൊണ്ട് പരിശുദ്ധപിതാവ് ജൂബിലി വര്‍ഷത്തിനു തുടക്കമിട്ടു. ലോകത്തിലെ എല്ലാ കത്തീഡ്രല്‍ ദേവാലയങ്ങളിലും, ബസിലിക്കകളിലും, തീര്‍ത്ഥാടനകേന്ദ്രങ്ങളിലും രൂപതാധ്യക്ഷന്മാര്‍ അന്നേദിവസം വിശുദ്ധവാതില്‍ കരുണതേടുന്നവര്‍ക്കായി തുറന്നുകൊടുത്തു. ദൈവത്തിന്റെ അനന്തകരുണയുടെ പ്രതീകമായ ദേവാലയങ്ങളുടെ വിശുദ്ധവാതിലുകള്‍ ഇനി പൊതുജനങ്ങള്‍ക്കായി തുറക്കപ്പെട്ടിരിക്കുകയാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കരുണയുടെ ഈ വര്‍ഷം പ്രാര്‍ഥനാപൂര്‍വം പ്രവേശിക്കുന്നവര്‍ക്കു മാര്‍പാപ്പ പ്രത്യേക ദണ്ഡവിമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഫിലാഡല്‍ഫിയാ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നടന്ന പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ക്ക് ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി സഹകാര്‍മ്മികനായി. പാരീഷ് ഹാളില്‍ ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം കാര്‍മ്മികര്‍ക്കൊപ്പം വിശ്വാസിസമൂഹം പ്രദക്ഷിണമായി വന്ന് പ്രത്യേകം അലങ്കരിച്ചിരിക്കുന്ന ദേവാലയത്തിന്റെ പ്രധാന കവാടം തുറന്നുകൊണ്ടും, മദ്ബഹയില്‍ ക്രമീകരിച്ചിക്കുന്ന ജൂബിലിതിരി തെളിച്ചുകൊണ്ടും ബിഷപ് കരുണയുടെ വര്‍ഷത്തിനു സമാരംഭം കുറിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ പിതാവ് ജൂബിലി സന്ദേശം നല്‍കി. കരുണയുടെ വര്‍ഷം പ്രമാണിച്ച് അസാധാരണ ജൂബിലിയെ സംബന്ധിച്ച വിവരങ്ങളും, ഇടവകയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കര്‍മ്മപരിപാടികളും ഉള്‍പ്പെടുത്തി പ്രത്യേകം തയാര്‍ ചെയ്തിരിക്കുന്ന ന്യൂസ്ലെറ്ററും തദവസരത്തില്‍ മാര്‍ അങ്ങാടിയത്ത് പ്രകാശനം ചെയ്തു.

ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ നേതൃത്വത്തില്‍ ട്രസ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനി, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, മതബോധനസ്കൂള്‍, ഭക്തസംഘടനാഭാരവാഹികള്‍ എന്നിവര്‍ കരുണയുടെ ജൂബിലി വര്‍ഷ ഉത്ഘാടന ചടങ്ങുകള്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍