ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം
Wednesday, December 16, 2015 7:48 AM IST
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് കഴിഞ്ഞ 26 വര്‍ഷങ്ങളായി നടത്തിവരുന്ന ക്രിസ്മസ് കരോള്‍ നവംബര്‍ 28-നു ഷിക്കാഗോയില്‍ ബൈജു ജോസിന്റെ ഭവനത്തില്‍ ആരംഭിച്ച് ഡിസംബര്‍ 13-നു റ്റിന്‍ലി പാര്‍ക്കില്‍ ഫിലിപ്പ് ജോസഫിന്റെ ഭവനത്തില്‍ നടത്തിയ കരോള്‍ഗാന സന്ധ്യയോടുകൂടി അവസാനിച്ചു. ബെത്ലേഹേമിലെ കാലിത്തൊഴുത്തില്‍ സംഭവിച്ച യേശുവിന്റെ ജനനം എന്ന മഹാസന്തോഷം വിളിച്ചറിയിച്ച് ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സമ്മാനപ്പൊതികളും കുഞ്ഞുങ്ങള്‍ക്ക് ചോക്ക്ലേറ്റുകളും മറ്റു മധുരപലഹാരങ്ങളുമായി കത്തീഡ്രലിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ശാന്തിയുടേയും സമാധാനത്തിന്റേയും ദൂത് നല്‍കി. ഏരിയാ തിരിച്ചുള്ള ഈവര്‍ഷത്തെ കരോള്‍, ഒരു ഗാനമത്സരം തന്നെയായിരുന്നു. തോമസ് സ്കറിയ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.

ഡിസംബര്‍ 24-ന് (വ്യാഴാഴ്ച) വൈകുന്നേരം 6.30നു ക്രിസ്മസ് ഈവിന്റെ ശുശ്രൂഷകള്‍ നടത്തും. 25-ന് വെള്ളിയാഴ്ച രാവിലെ 8.30-നു പ്രഭാത നമസ്കാരം, 9.30ന്ു വിശുദ്ധ കുര്‍ബാന, ക്രിസ്മസിന്റെ പ്രത്യേക ആരാധന എന്നിവ നടക്കും. ആരാധനകളില്‍ 'ബെല്‍വുഡ് വോയ്സ്' ഗാനങ്ങള്‍ ആലപിക്കും. ആരാധനാമധ്യേ ഫാ. ഡാനിയേല്‍ ജോര്‍ജ് ക്രിസ്തുമസ് സന്ദേശം നല്‍കും. തുടര്‍ന്ന് വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്ന് ഷിബു മാത്യുവിന്റെ നേതൃത്വത്തില്‍ നടക്കും.

ഡിസംബര്‍ 31-നു (വ്യാഴാഴ്ച) വൈകുന്നേരം 6.30-നു സന്ധ്യാനമസ്കാരവും പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തും. ജനുവരി ഒന്നിന് വെള്ളിയാഴ്ച രാവിലെ 8.30നു പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് പുതുവത്സര ശുശ്രൂഷകളും നടക്കും. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.

ജനുവരി 3-ന് (ഞായറാഴ്ച) രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 12-നു മാര്‍ മക്കാറിയോസ് മെമ്മോറിയല്‍ ഹാളില്‍ ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷങ്ങള്‍ അരങ്ങേറും. സണ്‍ഡേ സ്കൂള്‍ കുട്ടികള്‍, യുവജനങ്ങള്‍, സ്ത്രീസമജാംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഗാനങ്ങള്‍, ഡാന്‍സ്, സ്കിറ്റ്, കരോള്‍ ഗാനങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും. കുഞ്ഞുങ്ങളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന നരച്ച താടിയും ചുവന്ന മേലങ്കിയുമുള്ള സാന്റാക്ളോസ് എന്നറിയപ്പെടുന്ന ക്രിസ്മസ് ഫാദറിനൊപ്പം ഡാന്‍സ് പരിപാടിയും ഉണ്ടായിരിക്കും. മികച്ച വിജയം കൈവരിച്ച സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളെ സമ്മാനങ്ങള്‍ നല്‍കി ആദരിക്കും. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. ആഘോഷങ്ങളുടെ നടത്തിപ്പിനായി മാത്യു ഫിലിപ്പ്, ഏലിയാമ്മ പുന്നൂസ്, ഫിലിപ്പ് ജോസഫ്, ബാബു മാത്യു, ഷിബു മാത്യു, തോമസ് സ്കറിയ, റേച്ചല്‍ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം