ഒബാമയുടെ ഇമിഗ്രേഷന്‍ നയങ്ങള്‍ നടപ്പാക്കും: ഹിലാരി
Wednesday, December 16, 2015 7:47 AM IST
മന്‍ഹാട്ടന്‍ (ന്യൂയോര്‍ക്ക്): പ്രസിഡന്റ് ബരാക് ഒബാമ മുന്നോട്ടുവച്ച ഇമിഗ്രേഷന്‍ പോളിസി പൂര്‍ണ്ണമായും നടപ്പാക്കുമെന്നു ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി മത്സരിക്കുന്നവരുടെ മുമ്പന്തിയില്‍ സ്ഥാനം ഉറപ്പാക്കിയ ഹിലാരി ക്ളിന്റന്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി. ഡിസംബര്‍ 14-നു ന്യൂയോര്‍ക്ക് മാരിയട്ട് ഹോട്ടലില്‍ നാഷണല്‍ ഇമിഗ്രന്റ് ഇന്റഗ്രേഷന്‍ സമ്മേളനത്തില്‍ ഹിലാരി നടത്തിയ പ്രഖ്യാപനം അംഗങ്ങള്‍ എഴുന്നേറ്റു നിന്നു ഹര്‍ഷാരവത്തോടെയാണു സ്വീകരിച്ചത്.

വിവിധ രാജ്യങ്ങളില്‍ നിന്നും അനധികൃതമായി കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേര്‍ന്ന കുട്ടികള്‍ക്ക് അമേരിക്കന്‍ പൌരത്വം നല്കുന്നതിനും, മാതാപിതാക്കളെ നിയമാനുസൃത കുടിയേറ്റക്കാരായി അംഗീകരിക്കുന്നതിനുമായി വിഭാവനം ചെയ്ത ഇമിഗ്രേഷന്‍ പോളിസി നിയമക്കുരുക്കില്‍പ്പെട്ട് നടപ്പാക്കാനാവാത്ത സാഹചര്യത്തില്‍ ഹിലരി നടത്തിയ പ്രഖ്യാപനം ജനലക്ഷങ്ങള്‍ക്ക് വീണ്ടും പ്രതീക്ഷയ്ക്കു വകനല്‍കിയിട്ടുണ്ട്.

സനാതനമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ശക്തവും സുരക്ഷിതവുമായ അമേരിക്കയിലാണു നാം വസിക്കുന്നത്. പ്രൈവറ്റ് ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍, ഫാമിലി ഡിറ്റന്‍ഷന്‍ എന്നിവ 2016-ല്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ഹിലാരി പ്രത്യാശ പ്രകടിപ്പിച്ചു.

എല്ലാവര്‍ക്കും തുല്യനീതി ലഭിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഹിലാരി പറഞ്ഞു. പ്രത്യേക മതവിഭാഗങ്ങളില്‍പ്പെട്ടവരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്ന ട്രമ്പിന്റെ പ്രസ്താവനയെ ഹിലാരി അപലപിച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കുന്നതിനു 7.9 മില്യന്‍ ഡോളര്‍ സിറ്റി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചതായി ചടങ്ങില്‍ പങ്കെടുത്ത മേയര്‍ ബില്‍ ഡി. ബ്ളാസിയോ വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍