പി.എം. മായിന്‍കുട്ടിക്ക് മാധ്യമ പുരസ്കാരം
Tuesday, December 15, 2015 10:16 AM IST
റിയാദ്: ഫ്രണ്ട്സ് ക്രിയേഷന്‍സ് റിയാദ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് മലയാളം ന്യൂസ് ജിദ്ദ ബ്യൂറോയിലെ പി.എം. മായിന്‍കുട്ടിയടക്കം മൂന്നുപേര്‍ അര്‍ഹരായി. ഗള്‍ഫ് മാധ്യമം റിയാദ് ലേഖകന്‍ നജീം കൊച്ചുകലുങ്ക്, മാതൃഭൂമി ന്യൂസ് ദുബായി റിപ്പോര്‍ട്ടര്‍ ഐപ്പ് വള്ളിക്കാടന്‍ എന്നിവരാണ് ഈ വര്‍ഷത്തെ അവാര്‍ഡിനര്‍ഹരായ മറ്റു മാധ്യമ പ്രവര്‍ത്തകര്‍. 10,001 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

പ്രവാസികളുമായി ബന്ധപ്പെട്ട ക്രിയാത്മകമായി സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കിയ 2014 ലെ റിപ്പോര്‍ട്ടുകളാണ് മാധ്യമ പുരസ്കാരത്തിനായി പരിഗണിച്ചത്. മൊത്തം 16 പേര്‍ എന്‍ട്രികള്‍ അയച്ചു തന്നതില്‍ നിന്നും രണ്ട് പേരടങ്ങിയ ജൂറിയാണ് ജേതാക്കളെ നിര്‍ണയിച്ചത്.

ഈ വര്‍ഷത്തെ ബിസിനസ് എക്സലന്‍സ് പുരസ്കാരങ്ങള്‍ ഷാജി അരിപ്ര (സഫമക്ക), സൂരജ് പാണയില്‍ (റിയാദ് വില്ലാസ്), റഹിം വടകര (സിറ്റി ഫ്ളവര്‍), റസാഖ് കണ്ണൂര്‍ (മൈ ഓണ്‍), ജോയ് പോള്‍ (എ.എം. കോര്‍പറേഷന്‍), പി.എ. അബ്ദുറഹ്മാന്‍ (ഷിഫ ജിദ്ദ പോളിക്ളിനിക്ക്), കെ.പി. സുലൈമാന്‍ (അഹ്ദാബ് സ്കൂള്‍), ഹിഫ്സുറഹ്മാന്‍ (ജിദ്ദ), ബഷീര്‍ മൂന്നിയൂര്‍ (ഖമീസ് മുഷായ്ത്), കെ.എച്ച്. ഷാജഹാന്‍ റാവുത്തര്‍ വല്ലന (മാപ്ക) എന്നിവര്‍ക്ക് നല്‍കുമെന്ന് ഡയറക്ടര്‍ ഉബൈദ് എടവണ്ണ പ്രഖ്യാപിച്ചു.

പ്രവാസി വ്യാവസായകരംഗത്ത് തനത് വ്യക്തി മുദ്ര പതിപ്പിച്ചവരേയാണ് ബിസിനസ് എക്സലന്‍സ് പുരസ്കാരത്തിനായി പരിഗണിച്ചത്. വിവിധ പ്രദേശങ്ങളിലെ മാധ്യമ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരുമാണ് പേരുകള്‍ നിര്‍ദ്ദേശിച്ചത്.

അവാര്‍ഡുദാനചടങ്ങില്‍ മലയാളം ന്യൂസ് ചീഫ് എഡിറ്റര്‍ താരിഖ് മിഷ്കാസ് മുഖ്യാതിഥി ആയിരിക്കും. ചടങ്ങ് അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എം.ഡി. ആലുങ്ങല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ എംബസി പ്രതിനിധികളും ചടങ്ങില്‍ അതിഥികളായിരിക്കും.

കോര്‍പ്പ് ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇബ്രാഹിം സുബ്ഹാന്‍, അബ്ദുല്‍ അസീസ് കോഴിക്കോട്, നവാസ് വെള്ളിമാടുകുന്ന്, മിര്‍ഷാദ് ബക്കര്‍, അര്‍ഷദ് മാച്ചേരി, ഷഫീഖ് കിനാലൂര്‍ എന്നിവരും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍