കെകെഎംഎ പതിനഞ്ചാം വാര്‍ഷികം
Tuesday, December 15, 2015 8:01 AM IST
കുവൈത്ത്: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ പതിനഞ്ചാമത് വാര്‍ഷികം ആഘോഷിക്കുന്നു. ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കുന്ന ഒരുവര്‍ഷത്തെ ആഘോഷ പരിപാടികള്‍ക്കാണു കേന്ദ്ര ജനറല്‍ കൌണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്. വാര്‍ഷികം പ്രമാണിച്ച് രണ്ടു കോടി രൂപയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അംഗീകാരമായി.

ഹൃദ്രോഗം മുന്‍കൂട്ടി കണ്െടത്തുന്നതിനു വേണ്ടിയുള്ള ഏര്‍ളി ഡിറ്റക്ഷന്‍ സെന്റര്‍, പാവപ്പെട്ട വൃക്ക രോഗികളെ സഹായിക്കുന്നതിനായി പതിനായിരം സൌജന്യ ഡയാലിസിസ്, ഏറെക്കാലം കുവൈത്തില്‍ ജോലി ചെയ്തിട്ടും സ്വന്തമായി ഒരു വീടുണ്ടാക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കാത്ത തുച്ഛ വരുമാനക്കാരായ 10 ആളുകള്‍ക്ക് വീട്, കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വളരെ പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങളില്‍ കിണര്‍, വര്‍ഷങ്ങള്‍ ജോലിചെയ്തിട്ടും വെറുംകൈയോടെ തിരിച്ചു പോകുന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ ചെയ്തു ജീവിക്കുന്നതിനുള്ള സഹായം, കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്തുകൊണ്ട് ഐഎഎസ്, ഐപിഎസ്, നഴ്സിംഗ്, ഹിഫ്ള് എന്നീ കോഴ്സുകളിലേക്കു വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് എന്നിവയാണു പുതിയ പദ്ധതികള്‍.

കൂടാതെ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളായ, മാരകമായ രോഗത്താല്‍ കഷ്ടത അനുഭവിക്കുന്ന രോഗികളെ സഹായിക്കുന്നതിനുള്ള മെഡിക്കല്‍ അസിസ്റന്റ്സ് പ്രോഗ്രാം, വീടിന്റെ പുനരുദ്ധാരണത്തിനു വേണ്ടിയുള്ള ഹൌസിംഗ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം, എഡ്യൂക്കേഷണല്‍ സ്കോളര്‍ഷിപ്പ് പ്രോഗ്രാം എന്നിവയ്ക്കു പുറമേയാണു പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. കൂടാതെ പ്രവാസി കുടുംബാംഗങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രത്യേകം ഊന്നല്‍ നല്‍കിക്കൊണ്ട് മുഴുവന്‍ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കെകെഎംഎ ഫാമിലി ക്ളബിനു കൂടി പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി രൂപം നല്‍കും.

ചെയര്‍മാന്‍ പി.കെ. അക്ബര്‍ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കൌസില്‍ യോഗത്തില്‍ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ പദ്ധതികള്‍ അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ ഫത്താഹ് തൈയില്‍, വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.ബഷീര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി മുനീര്‍ തുരുത്തി റിപ്പോര്‍ട്ടും ട്രഷറര്‍ മുനീര്‍ കോടി വരവുചെലവ് കണക്കും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന പ്രവര്‍ത്തക കണ്‍വന്‍ന്‍ വൈസ് ചെയര്‍മാന്‍ എന്‍.എ. മുനീര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി.കെ. അക്ബര്‍ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അലി കുട്ടി ഹാജി സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍