ഐസിഎഫ് ഹുബുറസൂല്‍ സമ്മേളനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, December 15, 2015 7:59 AM IST
കുവൈത്ത്: ഐസിഎഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റി ഡിസംബര്‍ 18ന് (വെള്ളി) അബാസിയ പാക്കിസ്ഥാന്‍ സ്കൂള്‍ ഗ്രൌണ്ടില്‍ സംഘടിപ്പിക്കുന്ന ഹുബു റസൂല്‍ മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

വൈകുന്നേരം 4.30നു ബുര്‍ദ ആസ്വാദനത്തോടെ സമ്മേളന പരിപാടികള്‍ ആരംഭിക്കും. ഐസിഎഫ് നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ഹകീം ദാരിമിയുടെ അധ്യക്ഷതയില്‍ സമ്മേളനം ഷെയ്ഖ് ഹമദ് അഹ്മദ് സിനാന്‍ ഉദ്ഘാടനം ചെയ്യും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണവും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഹുബുറസൂല്‍ പ്രഭാഷണവും നടത്തും. കുവൈത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ കഴിഞ്ഞ നാലു ദശാബ്ദങ്ങളായി തുടരുന്ന മത വിജ്ഞാന സേവനത്തെ മുന്‍നിര്‍ത്തി അദ്ദേഹത്തിന് കുവൈത്ത് ഐസിഎഫിന്റെ ആദരം സമര്‍പ്പിക്കും. സമ്മേളനത്തിലേക്കു കുവൈത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വാഹനസൌകര്യവും സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യവുമുണ്ടായിരിക്കുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍