മന്ത്രി ഇബ്രാഹിംകുഞ്ഞ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
Monday, December 14, 2015 9:18 AM IST
അബുദാബി: കേരള പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാമുമായി കൂടിക്കാഴ്ച നടത്തി.

യുഎഇയില്‍ പുതുതായി നിലവില്‍ വരുന്ന തൊഴില്‍ നിയമം പ്രവാസികള്‍ക്ക് കൂടുതല്‍ ഗുണകരമായി മാറുമെന്ന് അംബാസഡര്‍ പറഞ്ഞു. അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തൊഴില്‍ നിയമം സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും. സ്വന്തം ഭാഷയില്‍ തൊഴില്‍ കരാര്‍ ഉണ്ടാക്കി ഒപ്പുവയ്ക്കുകയും യുഎഇ അധികൃതര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന രീതിയാണു പുതിയ തൊഴില്‍ നിയമത്തില്‍ നടപ്പാക്കുന്നത്.

സ്വന്തം ഭാഷയല്ലാതെ മറ്റൊന്നും അറിയാത്തവര്‍ക്ക് ഇത് ഏറെ പ്രയോജനപ്രദമാകും. നാട്ടില്‍നിന്നുമുണ്ടാക്കുന്ന കരാറുകളില്‍ ജോലി സമയം കുറവും ശമ്പളം കൂടുതലും കാണിച്ചാണ് പാവപ്പെട്ടവരെ ആകര്‍ഷിച്ചു ഗള്‍ഫിലേക്ക് കൊണ്ടുവരുന്നത്. എന്നാല്‍ ഇവിടെ എത്തിയാല്‍ നേരെ വിഭിന്നമാണ് ഉണ്ടാകുന്നത്. ചൂഷണത്തിനു വിധേയരാകുന്നവര്‍ ഒടുവില്‍ ചെറിയ വേതനത്തിനു കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിത്തീരുകയാണെന്ന് അംബാസഡര്‍ പറഞ്ഞു. ഏതുവിഭാഗം തൊഴിലാളികള്‍ക്കും സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ പുതിയ നിയമം അനുമതി നല്‍കുന്നുണ്ട്. എന്നാല്‍, നിശ്ചിതകാലം നിലവിലെ സ്പോണ്‍സര്‍ക്കുകീഴില്‍ തൊഴില്‍ ചെയ്തവര്‍ക്കുമാത്രമേ മാറാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളൂ.

അറബ് ഭാഷയില്‍ പ്രാവീണ്യം നേടി ഗള്‍ഫ് നാടുകളില്‍ ജോലി തേടിയെത്തുന്നവരില്‍ പലരുടെയും അറബ് ഭാഷാ പാണ്ഡിത്യം പലപ്പോഴും വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ലെന്ന് അംബാസഡര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.

അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദമെടുത്ത് കേരളത്തില്‍നിന്ന് എത്തിയവര്‍ ഔദ്യോഗിക വിവരങ്ങള്‍ ഭാഷാന്തരം ചെയ്യുമ്പോള്‍ കടുത്ത അപാകതകള്‍ ഉണ്ടാകുന്നതായി അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പഴയകാല പഠനരീതികളും വിജ്ഞാന വിനിമയ സമ്പ്രദായങ്ങളും മാറേണ്ടിയിരിക്കുന്നു. അറബി ഭാഷാരംഗത്തെ പുതിയ വാക്കുകളും സാഹിത്യരീതികളും നടപ്പാക്കണം. അന്താരാഷ്ട്ര തൊഴില്‍ മേഖലകളില്‍ ഇത്തരം ഭാഷ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അറബി ഭാഷാപഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ക്രെഡിറ്റ് കാര്‍ഡുകളുടെ ദുരുപയോഗം ഒട്ടേറെ ഗുരുതര പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ അതീവജാഗ്രത പുലര്‍ത്തണം. സ്വന്തം വരുമാനത്തില്‍ കവിഞ്ഞുള്ള ചെലവ് വന്‍വിപത്തിലേക്കാണ് എത്തിക്കുന്നത്. നിരവധിപേര്‍ ഇതിനകം ജയിലില്‍ പോകേണ്ടി വന്നിട്ടുണ്ട് ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ 36 ശതമാനമാണെന്ന ബോധം ഉണ്ടാകണമെന്നും അംബാസഡര്‍ പറഞ്ഞു.

പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ മന്ത്രി അംബാസഡറുമായി ചര്‍ച്ച ചെയ്തു. സാധാരണക്കാരുമായി അംബാസഡര്‍ പുലര്‍ത്തുന്ന അടുത്ത ബന്ധത്തെ മന്ത്രി പ്രശംസിച്ചു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് നസീര്‍ മാട്ടൂല്‍, ജനറല്‍ സെക്രട്ടറി ശുക്കൂറലി കല്ലുങ്ങല്‍, മുന്‍ സെക്രട്ടറി റസാഖ് ഒരുമനയൂര്‍, ഗഫൂര്‍ ഒരുമനയൂര്‍, വി.പി. മുഹമ്മദ് എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള