ഏജന്റിന്റെ ചതിയില്‍പ്പെട്ട് ദുരിതത്തിലായ മലയാളി നഴ്സിനു തുണയായി നവയുഗം
Monday, December 14, 2015 9:17 AM IST
ദമാം: പ്രവാസി മലയാളിയായ ഏജന്റിന്റെ ചതിയില്‍പ്പെട്ട് ദുരിതത്തിലായ മലയാളി നഴ്സിനെ ശക്തമായ ഇടപെടലിലൂടെ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.

എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ വത്സമ്മ ചാക്കോ, കഴിഞ്ഞ ആറു വര്‍ഷമായി നെടുംചാലില്‍ പ്രൈവറ്റ് ആശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട ഷീബ എന്ന വിദേശ മലയാളി വല്‍സമ്മയ്ക്ക്, സൌദി അറേബ്യയില്‍ ഹോം നഴ്സ് ആയി ജോലി വാഗ്ദാനം ചെയ്തു. മാത്രവുമല്ല വലിയ മോഹന വാഗ്ദാനങ്ങളാണ് ഷീബ മുന്നോട്ടുവച്ചത്. വലിയ സാമ്പത്തികലാഭം പ്രതീക്ഷിച്ച് വത്സമ്മ ജോലി വാഗ്ദാനം സ്വീകരിച്ചു.

ക്രിസ്റല്‍ എന്ന ട്രാവല്‍ ഏജന്‍സി വഴി സൌദിയില്‍ എത്തിയ വല്‍സമ്മയെ ആദ്യദിവസം സ്വന്തം വീട്ടില്‍ നിര്‍ത്തിയ ഷീബ, അടുത്ത ദിവസം ഒരു സൌദിയുടെ വീട്ടില്‍ കൊണ്ട ചെന്നാക്കി. എന്നാല്‍ വത്സമ്മ പ്രതീക്ഷിക്കാത്ത ദുരിതാനുഭവങ്ങള്‍ ആണ് പിന്നീട് ഉണ്ടായത്. ആ വീട്ടില്‍ രോഗികള്‍ ആരും ഇല്ലായിരുന്നു. വീട്ടുജോലി ചെയ്യാനാണ് തന്നെ കൊണ്ടുവന്നതെന്ന് അപ്പോഴാണു വല്‍സമ്മയ്ക്കു മനസിലായത്. വളരെ മോശം പെരുമാറ്റമാണ് ആ കുടുംബത്തില്‍നിന്നു വത്സമ്മ നേരിട്ടത്. രാപകല്‍ ഇല്ലാതെ വീട്ടിലെ എല്ലാ പണികളും വല്‍സമ്മയ്ക്ക് ചെയ്യേണ്ടി വന്നു. മാത്രവുമല്ല, മറ്റുകാരങ്ങള്‍ പറഞ്ഞ് അകാരണമായി മര്‍ദ്ദിക്കാനും തുടങ്ങി. ഷീബയെ വിളിച്ചു തന്റെ ദുരവസ്ഥ പറഞ്ഞപ്പോള്‍, അഡ്ജസ്റ് ചെയ്തു പോകാനായിരുന്നു മറുപടി.

കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ പിടിച്ചു വാങ്ങിയതിനാല്‍, ആരെയും ഫോണ്‍ ചെയ്യാനും കഴിയാതെയായി. ഒരു മാസത്തോളം തുടര്‍ന്ന പീഡനം വത്സമ്മയെ ശാരീരികവും മാനസികവുമായി തളര്‍ത്തി. ഒരു ദിവസം, സൌദി കുടുംബം പുറത്തുപോയപ്പോള്‍ വത്സമ്മ വീട്ടില്‍ നിന്നു പുറത്തുചാടി പോലീസില്‍ അഭയം പ്രാപിച്ചു. പോലീസ് അവരെ വനിതാ തര്‍ഹീലില്‍ എത്തിച്ചു. മറ്റൊരു കേസിന്റെ കാര്യത്തിനായി വനിതാ തര്‍ഹീലില്‍ എത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് വത്സമ്മ സഹായം അഭ്യര്‍ഥിച്ചു. മഞ്ജു വിവരങ്ങള്‍ ഇന്ത്യന്‍ എംബസിയെ അറിയിക്കുകയും വല്‍സമ്മയുടെ കേസില്‍ ഇടപെടുന്നതിന് എംബസിയുടെ അനുമതിപത്രം നേടുകയും ചെയ്തു.

തുടര്‍ന്ന് മഞ്ജുവും നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ മണിക്കുട്ടന്‍, സക്കീര്‍ ഹുസൈന്‍ എന്നിവരുമൊത്ത് ഷീബയുമായും വല്‍സമ്മയുടെ സ്പോണ്‍സറുമായും ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ മുപ്പത്തയ്യായിരം റിയാല്‍ നഷ്ടപരിഹാരം നല്‍കിയാലേ വല്‍സമ്മയ്ക്ക് തിരികെ പോകാന്‍ എക്സിറ്റ് നല്‍കൂ എന്ന നിലപാടില്‍ ആയിരുന്നു സ്പോണ്‍സര്‍.

ഇതിനിടെ വല്‍സമ്മയുടെ വീട്ടുകാര്‍ അഭ്യര്‍ഥിച്ചതനുസരിച്ച്, കേരളത്തില്‍ നിന്നു മുന്‍മന്ത്രിമാരായ കെ.ഇ. ഇസ്മായിലും, ബിനോയ് വിശ്വവും സൌദിയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട്, വല്‍സമ്മയുടെ കാര്യത്തില്‍ ശക്തമായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു. എംബസിയിലെ അറ്റാഷെ ജോര്‍ജ്, വല്‍സമ്മയെ കൊണ്ടുവന്ന ക്രിസ്റല്‍ എന്ന ട്രാവല്‍ ഏജന്‍സിയേയും ഷീബയെയും നേരിട്ട് വിളിച്ച്, വല്‍സമ്മയെ തിരികെ അയച്ചില്ലെങ്കില്‍ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പു നല്‍കി.

ഒടുവില്‍ സമ്മര്‍ദം മൂലം ഷീബയും വല്‍സമ്മയുടെ സ്പോണ്‍സറും ഒത്തുതീര്‍പ്പിനു തയാറായി. യാതൊരു നഷ്ടപരിഹാരവും വാങ്ങാതെ വല്‍സമ്മയ്ക്ക് എക്സിറ്റും പാസ്പോര്‍ട്ടും നല്‍കി.

ജീവിതം ഇവിടെ അവസാനിക്കുമെന്ന അവസ്തയില്‍ നിന്ന് തനിക്കു പ്രതീക്ഷയുടെ വെളിച്ചം പകര്‍ന്ന് നല്‍കിയ നവയുഗം പ്രവര്‍ത്തകര്‍ക്കു നന്ദി പറഞ്ഞ് വത്സമ്മ കഴിഞ്ഞ ദിവസം നാട്ടിലേക്കു തിരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം