'പ്രതിപക്ഷ നേതൃസ്ഥാനം വി.എസ് രാജിവയ്ക്കണം'
Monday, December 14, 2015 9:10 AM IST
കുവൈത്ത്: കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കാന്‍ ഗൂഡാലോചന ചെയ്ത പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനത്തുനിന്ന് രാഷ്ട്രീയമാന്യതയുടെ പേരില്‍ മാറിനില്ക്കാന്‍ വി.എസ് അച്യുതാനന്ദന്‍ തയാറാകണമെന്നു കുവൈത്ത് ഒഐസിസിയുടെ യുവജന വിഭാഗം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ യാതൊരു അടിസ്ഥാനവുമില്ലാതെ പ്രായവും ജനപിന്തുണയും നോക്കാതെ പൊതുസമൂഹത്തിലവഹേളിക്കാന്‍ നിയമസഭയില്‍ അടിയന്തര പ്രേമേയം അവതരിപ്പിച്ച പ്രതിപക്ഷ നേതാവും സിപിഎം നേതാക്കളും കേരള ജനാധിപത്യത്തെയാണ് അവഹേളിച്ചിരിക്കുന്നത്. ജനാധിപത്യത്തിനു കളങ്കം ചാര്‍ത്തിയ പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കാന്‍ അച്യുതാനന്ദനു യാതൊരു യോഗ്യതയുമില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

യൂത്ത് വിംഗ് പ്രവര്‍ത്തക കണ്‍വന്‍ഷനെകുറിച്ചു ആലോചിക്കാന്‍ ചേര്‍ന്ന യോഗം ദേശിയ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് ജോബിന്‍ ജോസ് അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ചാക്കോ ജോര്‍ജുകുട്ടി, ജനറല്‍ സെക്രട്ടറി നിഖില്‍ പാവൂര്‍, വൈസ് പ്രസിഡന്റുമാരായ സുനില്‍ വര്‍ഗീസ്, മറ്റു ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി ആല്‍ബില്‍ ജോസ് സ്വാഗതവും ജനറല്‍ സെക്രട്ടറി ചന്ദ്രമോഹന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍