മലയാളികള്‍ക്കും വാദി കബീര്‍ സ്കൂളിനും അഭിമാനമായി ശശികല പ്രഭാത്കുമാര്‍
Saturday, December 12, 2015 11:55 AM IST
മസ്കറ്റ്: ഇന്ത്യന്‍ സ്കൂളുകളിലെ മികച്ച അധ്യാപകര്‍ക്കുള്ള 2015 വര്‍ഷത്തെ നവീന്‍ ആഷര്‍കാസി അവാര്‍ഡു നേടിയ അധ്യാപിക ശശികല തനിക്കു കിട്ടിയ അംഗീകാരം ഭര്‍ത്താവിനും കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും തന്റെ ശിഷ്യര്‍ക്കും സമര്‍പ്പിക്കുന്നതായി ദീപികയോട് പറഞ്ഞു.

പ്രൈമറി വിഭാഗത്തിലാണ് വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ വൈസ് പ്രിന്‍സിപ്പലായ ശശികല പ്രഭാത്കുമാറിന് അവാര്‍ഡ് ലഭിച്ചത്. പാഠ്യ വിഷയങ്ങളില്‍ അവാര്‍ഡ് ലഭിച്ച ഏക മലയാളിയാണ് ശശികല. കഴിഞ്ഞ 23 വര്‍ഷമായി വാദികബീര്‍ സ്കൂളില്‍ അധ്യാപനം നടത്തുന്ന ശശികല ഏഴു വര്‍ഷമായി പ്രൈമറി സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പലായി സേവനം ചെയ്തുവരുന്നു.

കണ്ണൂര്‍ അഴീക്കോട് സ്വദേശി നേവിയിലെ റിട്ടയേര്‍ഡ് ഉദ്യാഗസ്ഥനായ മാധവന്‍ നായരുടെയും പാര്‍വതി നായരുടെയും മകളായ ശശികല ഇപ്പോള്‍ കുടുംബസമേതം മുംബൈയിലാണ് താമസം. ഭര്‍ത്താവ് കൊല്ലം വാഴത്തോങ്ങല്‍ പ്രഭാത്കുമാര്‍ മസ്കറ്റ് ഫാര്‍മസിയില്‍ ഐടി മാനേജരാണ്. മകന്‍ പ്രണയികുമാര്‍ കാനഡയിലെ വാന്‍കൂവറില്‍ ജോലി ചെയ്യുന്നു.

വിവിധ വിഭാഗങ്ങളില്‍ 11 പേരാണ് ഇത്തവണ അവാര്‍ഡ് ഏറ്റുവാങ്ങിയത്. ആകെ 67 അധ്യാപകര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. കോസ്കോളസ്ടിക് വിഭാഗത്തിലാണ് മലയാളികളായ പി.വി.ഗോപകുമാറിനും എം.എം.സോമസുന്ദരത്തിനും അവാര്‍ഡ് ലഭിച്ചത്. ഇവര്‍ യഥാക്രമം ഇന്ത്യന്‍ സ്കൂള്‍ ഡാര്‍സയിറ്റിലെയും ഇന്ത്യന്‍ സ്കൂള്‍ സൂറിലെയും അധ്യാപകരാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം