അഹമ്മദ് ജാവേദ് സൌദിയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍
Saturday, December 12, 2015 4:22 AM IST
റിയാദ്: മുംബൈ പോലീസ് കമ്മീഷണര്‍ അഹമ്മദ് ജാവേദിനെ സൌദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചു. താമസിയാതെ തന്നെ അദ്ദേഹം ചാര്‍ജെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 1980 ഐപിഎസ് ബാച്ചുകാരനായ അഹമ്മദ് ജാവേദ് 2016 ജനുവരിയില്‍ വിരമിക്കാനിരിക്കേയാണ് പുതിയ നിയമനം. കഴിഞ്ഞ ഏപ്രിലില്‍ ഹാമിദ് അലി റാവു വിരമിച്ച ശേഷം സൌദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡറുടെ പദവി ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

നിരവധി പേരുടെ പേരുകള്‍ അംബാസഡര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവിന്റേയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റേയും പ്രത്യേക താത്പ്പര്യമാണ് അഹമ്മദ് ജാവേദിനെ തുണച്ചത്. കഴിഞ്ഞ സെപ്തംബര്‍ 8 നാണ് പോലീസ് കമ്മീഷണറായി അഹമ്മദ് ജാവേദ് ചാര്‍ജെടുത്തത്. 1989 മുതല്‍ 1993 വരെ റൊമാനിയയില്‍ ഇന്ത്യന്‍ അംബാസഡറായിരുന്ന ജൂലിയോ റിബൈറോയാണ് ഇതിന് മുന്‍പ് മഹാരാഷ്ട്രാ കേഡറില്‍ നിന്നും അംബാസഡര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഐപിഎസ് ഓഫീസര്‍.

28 കോടിയിലധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സൌദി അറേബ്യയിലെ അംബാസഡര്‍ പദവി ദീര്‍ഘനാളായി ഒഴിഞ്ഞു കിടക്കുന്നതില്‍ നിരവധി കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. നിലവില്‍ മഹാരാഷ്ട്ര സ്വദേശിയായ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ത് കോട്ടേല്‍വാര്‍ ആണ് ചാര്‍ജ് ഡി അഫയേഴ്സ്. പ്രധാനമന്ത്രിയുടെ സൌദി സന്ദര്‍ശനം ഉടനെയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ പുതിയ അംബാസഡറുടെ നിയമനം കേന്ദ്ര മന്ത്രിസഭക്ക് ഏറെ പ്രാധാന്യമുള്ളതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍