'സഖ്റാം ബൈന്‍ഡര്‍' നാടകം ഡിസംബര്‍ 15ന്
Friday, December 11, 2015 8:26 AM IST
അബുദാബി: ഇന്ത്യന്‍ നാടകവേദിക്ക് വിലപ്പെട്ട സംഭാവന നല്‍കിയ പത്മഭൂഷന്‍ വിജയ് ടെണ്ടൂല്കറിന്റെ പ്രശസ്തമായ നാടകം 'സഖ്റാം ബൈന്‍ഡര്‍' ആദ്യമായി യുഎഇയില്‍ അവതരിപ്പിക്കുന്നു.

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഏഴാമത് ഭരത് മുരളി നാടകോത്സവത്തില്‍ അബുദാബി നാടക സൌഹൃദമാണു ഡിസംബര്‍ 15നു രാത്രി എട്ടിനു 'സഖ്റാം ബൈന്‍ഡര്‍' അരങ്ങിലെത്തിക്കുന്നത്.

ഇതിനകം പത്തിലേറെ മികച്ച നാടകങ്ങള്‍ അവതരിപ്പിക്കുകയും പ്രവാസ നാടകരംഗത്ത് തങ്ങളുടേതായ സംഭാവന നല്‍കുകയും ചെയ്ത നാടകപ്രേമികളുടെ കൂട്ടായ്മയാണ് നാടക സൌഹൃദം. പ്രവാസി നാടക പ്രവര്‍ത്തകന്‍ ഇസ്കന്ദര്‍ മിര്‍സയാണ് നാടകത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ദുബായ് പുഴ, മതിലുകള്‍ക്കപ്പുറം, ഗോസ്റ് തുടങ്ങിയ നിരവധി നാടകങ്ങള്‍ മിര്‍സ സംവിധാനം ചെയ്തിട്ടുണ്ട്. പുരുഷാധിപത്യത്തിന്റെ നേര്‍ചിത്രവും അടിച്ചമര്‍ത്തപ്പെടുന്ന ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ധാര്‍മികരോഷവും അവരുടെ സ്വത്വത്തെ തിരിച്ചറിഞ്ഞ് ചെറുത്തുനില്‍പ്പുമായ ഈ മറാത്ത നാടകം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയാണ് അവതരിപ്പിക്കുന്നത്. ഒട്ടനവധി വേദികളില്‍ അവതരിപ്പിക്കപ്പെടുകയും ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിടുള്ളതാണ് സഖ്റാം ബൈന്‍ഡര്‍.

പുരുഷാധിപത്യ സമൂഹത്തിന് സഹിക്കാനാകാത്തതിനാല്‍ ഏറെ എതിര്‍പ്പുകളും ഭരണകൂടത്തിന്റെ കടുംപിടുത്തവും അതിജീവിച്ചാണ് നാടകം ഇന്ത്യന്‍ മനസുകളില്‍ ഇടം പിടിച്ചതും ലോകത്തിന്റെ ശ്രദ്ധ നേടിയതും. ജാതീയതക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചോദ്യം ചെയ്യുന്ന ഈ നാടകം അന്നും ഇന്നും പ്രസക്തമാണ്. ഇന്ത്യന്‍ നാടകവേദിയോടുള്ള ആദരമാണ് ഈ അവതരണം.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള