സൌദിയില്‍ റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
Friday, December 11, 2015 8:25 AM IST
ജിദ്ദ: ജിദ്ദയിലെ ഷാറ ഹിറയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ചു ഗുരുതരമായ പരിക്കുകളോടെ സൌദി ജര്‍മന്‍ ഹോസ്പിറ്റലില്‍ ഒന്നര മാസത്തോളമായി ചികിത്സയില്‍ കഴിയുകയായിരുന്ന മേലാറ്റൂര്‍ ചോലക്കുളം സ്വദേശി ചെവിടിക്കുന്നന്‍ അബൂബക്കര്‍ (കുഞ്ഞാണി -35) മരിച്ചു.

ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നതിനിടെ ഏതാനും ദിവസം മുമ്പ് രോഗം മൂര്‍ച്ഛിക്കുകയും വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ അബൂബക്കര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.

അഞ്ചു വര്‍ഷത്തോളമായി ജിദ്ദയിലെ ഷാറ ഹിറയില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്ന അബൂബക്കര്‍, അവധിക്കു നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെയായിരുന്നു അപകടം.

ഭാര്യ: ഹസീന. അനീന, ആസിമ എന്നിവര്‍ മക്കളാണ്.

ജിദ്ദയിലുള്ള മുസ്തഫ (കുഞ്ഞാപ്പ), അബ്ദുസലാം എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി റുവൈസ് മഖ്ബറയില്‍ മറവു ചെയ്യുമെന്ന് നാട്ടുകാരായ അബൂബക്കര്‍ പള്ളത്തന്‍, ടി.ടി. അബ്ദുല്‍ ഗഫൂര് എന്നിവര്‍ അറിയിച്ചു. സയിദ് ഉബൈദ് തങ്ങള്‍ മേലാറ്റൂര്‍, അബ്ദുള്ള ഫൈസി കുളപ്പറമ്പ് എന്നിവര്‍ മയ്യിത്ത് സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു.

ചോലക്കുളം മഹല്ല് ജിദ്ദാ കമ്മിറ്റി അബൂബക്കറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. എല്ലാ സഹോദരങ്ങളും പരേതനുവേണ്ടി മയ്യിത്ത് നിസ്ക്കരിക്കുവാനും പ്രത്യേകം ദുആ ചെയ്യുവാനും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍