നാരായണന് നാടണയാന്‍ സുമനസുകള്‍ കനിയണം
Friday, December 11, 2015 8:24 AM IST
റിയാദ്: അഞ്ചു വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം പാപ്പരാണെന്നു കോടതി കണ്െടത്തിയതിനെത്തുടര്‍ന്ന് പിഴയൊടുക്കാതെ ജയില്‍മോചിതനായ മലപ്പുറം പൊന്നാനി സ്വദേശി മങ്ങാരത്ത് നാരായണന്റെ (56) മടക്കയാത്ര സാധ്യമാകണമെങ്കില്‍ സുമനസുകള്‍ കനിയണം.

നാരായണന്റെ മോചനത്തിനും നാട്ടിലയയ്ക്കുന്നതിനുമായി ഏറെ പാടുപെട്ട ലത്തീഫ് തെച്ചിയുടെ നേതൃത്വത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷം കോടതിയില്‍ അന്യായക്കാരന്‍ അംഗീകരിച്ച 60,000 റിയാല്‍ കണ്െടത്താന്‍ വഴി കാണാതെ നട്ടം തിരിയുകയാണ്. ഇന്ത്യന്‍ എംബസിയോ ആദ്യമെല്ലാം സഹായഹസ്തവുമായി കൂടെയുണ്ടായിരുന്ന സംഘടനകളോ നാരായണന്റെ കാര്യത്തില്‍ ഇപ്പോള്‍ താത്പര്യമെടുക്കാത്തതാണു പ്രശ്നമെന്നു ലത്തീഫ് തെച്ചി പറഞ്ഞു.

ജോലി ചെയ്തിരുന്ന സര്‍വീസ് സ്റേഷനില്‍ വച്ച് കാര്‍ കളവു പോയതുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ നാരായണന്‍ കുറ്റക്കാരനാണെന്ന് കണ്െടത്തിയ കോടതി 1,15,000 റിയാല്‍ പിഴയടയ്ക്കണമെന്നു വിധിക്കുകയായിരുന്നു. ദീര്‍ഘനാളത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ നാരായണനോ കുടുംബത്തിനോ പിഴയടക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നു ബോധ്യപ്പെട്ട കോടതി കഴിഞ്ഞ മാര്‍ച്ച് മാസം നാരായണനെ ജയില്‍ മോചിതനാക്കുകയായിരുന്നു.

നാട്ടില്‍നിന്നു വന്ന് ഏറെ താമസിയാതെ സ്പോണ്‍സര്‍ മരിച്ചതിനാല്‍ ഇഖാമ പുതുക്കാനോ എക്സിറ്റ് അടിക്കാനോ സാധിക്കാതെ 20 വര്‍ഷത്തിലധികമായി ഇവിടെ കഴിയുന്ന നാരായണന്‍ ശാരീരികമായും മാനസികമായും ഏറെ തളര്‍ന്ന അവസ്ഥയിലാണ്.

2010 സെപ്റ്റംബറിലാണു നാരായണന്‍ പോലീസ് പിടിയിലാകുന്നത്. സര്‍വീസ് സ്റേഷനില്‍ ഉണ്ടായിരുന്ന കാറിന്റെ ഉടമയുടെ സഹോദരനാണെന്നു പരിചയപ്പെടുത്തിയ ഒരാള്‍ വണ്ടിയുമായി കടന്നു കളഞ്ഞതാണ് നാരായണന് വിനയായത്. യഥാര്‍ഥ ഉടമ വന്ന് പോലീസില്‍ പരാതിപ്പെട്ടതോടെ നാരായണന്‍ ജയിലിലായി.

ഒമ്പതു മാസം മുമ്പ് മോചിതനായെങ്കിലും 60,000 റിയാല്‍ നല്‍കാതെ നാരായണനെ കേസില്‍നിന്നു മുക്തനാക്കാന്‍ സാധ്യമല്ലെന്നാണ് കാറിന്റെ ഉടമ കോടതിയില്‍ പറഞ്ഞത്. കൂടാതെ നിയമപരമായി നാട്ടില്‍ പോകാന്‍ 16 വര്‍ഷത്തെ ഇഖാമയുടെ പണവും പിഴയും മൂന്നു വര്‍ഷത്തെ ലെവിയും അടയ്ക്കണം. ഇത് ഏകദേശം 20,000 റിയാല്‍ വരും. ഈ തുക ഒഴിവാക്കിക്കിട്ടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നാട്ടില്‍ അമ്മയും ഭാര്യ ഷീജയും മകന്‍ അജിതും അടങ്ങിയതാണു നാരായണന്റെ കുടുംബം.

നാരായണന്‍ ജയില്‍ മോചിതനായശേഷം നിരവധി സാമൂഹ്യപ്രവര്‍ത്തകരും സംഘടനാ പ്രതിനിധികളും അദ്ദേഹത്തെ സന്ദര്‍ശിച്ച് സഹായവാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ ആരും തിരിഞ്ഞുനോക്കുന്നില്ല. ലത്തീഫ് തെച്ചി കഴിഞ്ഞ ദിവസം കുറച്ച് പേരെ വിളിച്ചു ചേര്‍ത്ത് ഒരു ജനകീയ കമ്മിറ്റി ഇതിനായി രൂപീകരിച്ചിരുന്നെങ്കിലും സജീവമായ പ്രവര്‍ത്തനങ്ങള്‍ സാധ്യമായില്ല. റിയാദിലെ എന്‍ആര്‍കെ വെല്‍ഫെയര്‍ ഫോറവും ഫോര്‍ക്കയും അടക്കമുള്ള മലയാളി സംഘടനാ പൊതുവേദികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സ്വാധീനമുള്ള സംഘടനകളും മനസിരുത്തിയാല്‍ നാരായണന് എത്രയും പെട്ടെന്നു നാടണയാന്‍ സാധിക്കും. ഇതിനായുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാരായണനും അദ്ദേഹത്തെ സഹായിക്കാന്‍ കൂടെയുള്ള സാമൂഹ്യ പ്രവര്‍ത്തകരും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍