പി.എ. അബാസ് ഹാജിയെ അനുസ്മരിച്ചു
Thursday, December 10, 2015 10:18 AM IST
ദുബായി: യുഎഇയുടെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ സേവന മേഖലകളില്‍ ജനശ്രദ്ധ നേടിയ കെഎംസിസിക്ക് ജനകീയമുഖം നല്‍കി അതിനെ സമ്പന്നമാക്കിയ നേതാവായിരുന്നു അന്തരിച്ച പി.എ. അബാസ് ഹാജി.

തന്റെ വാണിജ്യ വ്യവസായ സാമ്രാജ്യത്തിന്റെ കാര്യങ്ങളോടൊപ്പം, ഗള്‍ഫില്‍ തൊഴില്‍ തേടിയെത്തുന്ന മലയാളികള്‍ക്ക് ഭാരമിറക്കിവയ്ക്കാനുള്ള ഒരു അത്താണിയായി വര്‍ത്തിച്ചു കൊണ്ടിരുന്നു അദ്ദേഹം. ഇന്ത്യന്‍ എംബസിയുമായും കോണ്‍സുലേറ്ററുമായും അദ്ദേഹം സ്ഥാപിച്ചെടുത്ത ബന്ധം കെഎംസിസിക്ക് ഇന്നും ഒരുമുതല്‍ക്കൂട്ടാണ്. ഇന്ത്യക്കാരുടെ വിശിഷ്യാ കേരളീയരുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഈ സൌകര്യം ഉപയോഗപ്പെടുത്തുകയും ചെയ്തു. കഷ്ടതയനുഭവിക്കുന്ന സമൂഹത്തിനുവേണ്ടി തന്റെ സമ്പത്തും സമയവും വിനിയോഗിച്ചതിന്റെ ഫലമാസ്വദിക്കുന്നവരും ഇന്ന് ധാരാളമാണ്.

ദുബായി ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചു വരുന്ന കെഎംസിസിയുടെ വളര്‍ച്ചക്ക് പിന്നിലെ ചാലകശക്തിയായിരുന്ന അബാസ് ഹാജി ദുബായി നഗരത്തിന്റെ ഹൃദയഭാഗത്ത് ആധുനിക സൌകര്യങ്ങളോടെ കാര്യാലയ സൌകര്യം ഒരുക്കുന്നതിന് തന്റെ സെഞ്ച്വറി ടെക്ടൈല്‍സിന്റെ വിശാലമായ സ്വന്തം ഓഫീസ് സംഘടനക്ക് വിട്ടുകൊടുക്കുകയും വരുമാനത്തിനും മറ്റുമായി ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ദുബായിലെയും സമീപ പ്രദേശങ്ങളിലെയും ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് താങ്ങായി പ്രവര്‍ത്തിച്ചു വരുന്ന കോണ്‍സുലാര്‍ സര്‍വീസ് 1992ലാണ് തുടക്കം കുറിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും അഭേദ്യമായ ബന്ധം സൃഷ്ടിക്കാനും അവരുടെ സേവനം സംഘടനക്ക് ലഭ്യമാക്കാനും അതുവഴി സാധിച്ചു. സംഘടനക്ക് അനുവദിച്ചു കിട്ടിയ പാസ്പോര്‍ട്ട്-വീസ സേവനങ്ങള്‍ അടുക്കുംചിട്ടയോടുംകൂടി വളരെകാര്യക്ഷമമായി നടന്നുവരുന്നുണ്ട്. ജന്മനാടിന്റെ പുരോഗതിക്ക് കനത്ത സംഭാവനകള്‍ നല്‍കിവരുന്ന ഈ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളും യാതനകളും മറ്റും ശ്രദ്ധിക്കുന്നതില്‍ മികവ് കാണിച്ചതിന്റെ ഫലമാണ് ഈ കോണ്‍സുലാര്‍സര്‍വീസ്.

കേന്ദ്ര മന്ത്രിയായിരുന്ന പി.എം. സയിദുമായി നിരന്തരം ബദ്ധപ്പെട്ട് ഇത് നേടിയെടുത്തത ്അബാസ്ഹാജിയാണ്. പ്രവാസി മലയാളികളുടെ സംഘടിത ശക്തിയുടെ അനിവാര്യത മനസിലാക്കിയ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ചിന്തകന്മാരുടെ നിര്‍ദ്ദേശാനുസരണം മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ആശീഅവാദത്തോടെ 1972ല്‍രൂപം കൊണ്ട ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ ആരംഭം തൊട്ട് പ്രവര്‍ത്തിച്ചുവന്നിരുന്ന അദ്ദേഹം 1985 ല്‍ കെഎംസിസിയായി രൂപാന്തരം പ്രാപിച്ചപ്പോള്‍ അതിന്റെ നേതൃസ്ഥാനത്ത് അവരോധിക്കപ്പെടുകയായിരുന്നു. ദുബായി കെഎംസിസിയുടെ അധ്യക്ഷനെന്ന നിലയിലും യുഎഇ കെഎംസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് എന്ന നിലയിലും ശ്ളാഘനീയമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കാഴ്ചവച്ചത്.

പ്രവാസിമലയാളികളുടെ യാത്രാപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും മറ്റ് അതോറിറ്റികളുടെയും മുമ്പില്‍ അവതരിപ്പിക്കാനും അതിന്റെ പരിഹാരത്തിനായി സമ്മര്‍ദ്ദം ചെലുത്താനും അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കായിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന യൂസേഴ്സ് ഫീ എടുത്തുകളയാനും വിദേശത്തുവച്ച് മരിക്കുന്നവരുടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോവുന്നതിന് ഈടാക്കിയിരുന്ന വിമാനക്കൂലി ഒഴിവാക്കി കിട്ടുന്നതിനും കെഎംസിസി പ്രതിനിധി സംഘം അബാസ്ഹാജിയുടെ നേതൃത്വത്തില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയെയും പ്രതിപക്ഷ നേതാവായിരുന്ന സോണിയാഗാന്ധിയെയും വ്യോമയാന മന്ത്രിയായിരുന്ന ശരത് യാദവിനെയും സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിക്കുകയും അത് നേടിയെടുക്കകയും ചെയ്തത് എക്കാലത്തും ഓര്‍മിക്കപ്പെടുന്ന നിരവധി സേവനങ്ങളില്‍ഒന്നാണ്. ദുബായി കെഎംസിസിക്കു കീഴില്‍ ജില്ലാ കമ്മിറ്റികള്‍ നിലവില്‍വന്നതും അദ്ദേഹം പ്രസിഡന്റ് ആയിരുന്നപ്പോഴാണ്. അങ്ങനെ നിസ്വാര്‍ഥ സേവനത്തിലൂടെ ദീര്‍ഘകാലം ദുബായി കെഎംസിസിക്ക് നേതൃത്വം നല്‍കുകയും അതിന്റെ മഹനീയവളര്‍ച്ചക്കുവേണ്ടി എല്ലാം ത്യജിക്കുകയും ചെയ്ത പി.എ. അബാസ് ഹാജിയുടെ പരലോക മോക്ഷത്തിനായി പ്രാര്‍ഥിക്കുന്നു.

അനുശോചിച്ചു

ദുബായി: സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യവും കെഎംസിസിയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖനുമായ പി.എ. അബാസ് ഹാജിയുടെ നിര്യാണത്തില്‍ ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി. ഇസ്മായില്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര എന്നിവര്‍ അനുശോചിച്ചു.

ഡിസംബര്‍ 11ന് (വെള്ളി) രാത്രി 7.30ന് ദുബായി കെഎംസിസി. അല്‍ ബറാഹ ആസ്ഥാനത്ത് പരേതനുവേണ്ടിയുള്ള മയ്യിത്ത് നമസ്കാരം നടക്കും. തുടര്‍ന്നു നടക്കുന്ന അനുശോചന യോഗത്തില്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, സൂപ്പി പാതിരിപ്പറ്റ, യഹിയ തളങ്കര, കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി. ഷമീര്‍ തുടങ്ങി കേന്ദ്ര സംസ്ഥാന നേതാക്കളും സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍