ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങ് നടത്തി
Thursday, December 10, 2015 9:19 AM IST
അജ്മാന്‍: യുഎഇ യുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ പന്ത്രണ്ടാമത് വാര്‍ഷിക ബിരുദദാന ചടങ്ങ് ഡിസംബര്‍ ഒമ്പതിന് അജ്മാന്‍ എമിരേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററില്‍ നടന്നു.

എംബിബിഎസ്, ഫാര്‍മസി, ദന്തല്‍, ഫിസിയൊ തെറാപി തുടങ്ങിയ വിഷയങ്ങളില്‍ പഠനം പൂര്‍ത്തീകരിച്ച 113 വിദ്യാര്‍ഥികള്‍ക്ക് യുഎഇ സുപ്രീം കൌണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ബിരുദം നല്‍കി. തുംബൈ ഗ്രൂപ്പ് പ്രസിഡന്റ് തുംബൈ മൊയ്തീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യുഎഇ സാംസ്കാരിക മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍, അജ്മാന്‍ രാജ കുടുംബാംഗങ്ങള്‍, കര്‍ണാടക വനം പരിസ്ഥിതി മന്ത്രി രാംനാഥ് റായ്, കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി യു.ടി. ഖാദര്‍, വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി പ്രൊവോസ്റ്റ് പ്രഫസര്‍ ഗീത അശോക് രാജ് തുടങ്ങിയ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.

73 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും 22 രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരും ചേര്‍ന്ന് എംബിബിഎസ്, ഫാര്‍മസി, ദന്തല്‍, ഫിസിയൊ തെറാപി തുടങ്ങിയ ബിരുദ കോഴ്സുകളും, ക്ളിനിക്കല്‍ പതോളജി, പബ്ളിക് ഹെല്‍ത്ത്, ടോക്സികോളജി തുടങ്ങിയ വിഷയങ്ങളില്‍ ബിരുദ കോഴ് സുകളും നടത്തുന്ന യുഎഇ -ലെ ആദ്യത്തെ സ്വകാര്യ മെഡിക്കല്‍ യൂണിവേഴ്സിറ്റിയാണ് ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി.

റിപ്പോര്‍ട്ട്: ഷാജ് ഹമീദ്