കേഫാക്ക് സോക്കര്‍ ലീഗ്: കേരള ചാലഞ്ചേഴ്സിനും യംഗ് ഷൂട്ടേഴ്സിനും വിജയം
Thursday, December 10, 2015 8:04 AM IST
കുവൈത്ത്: കേഫാക്ക് ഗ്രാന്‍ഡ് സോക്കര്‍ ലീഗില്‍ നടന്ന വാശിയേറിയ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ കേരള ചാലഞ്ചേഴ്സും യംഗ് ഷൂട്ടേഴ്സും വിജയം നേടിയപ്പോള്‍ ഫഹാഹീല്‍ ബ്രദേഴ്സും മാക്ക് കുവൈത്തും സിഎഫ്സി സാല്‍മിയയും സോക്കര്‍ കേരളയും തമ്മിലുള്ള മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ പന്ത് തട്ടുന്ന ബെന്‍ ക്രിസ്റിലിന്റെ ഇരട്ട ഗോളില്‍ കേരള ചാലഞ്ചേഴ്സ് ബിഗ് ബോയ്സിനെ പരാജയപ്പെടുത്തി.

തുടര്‍ന്നു നടന്ന ഫഹാഹീല്‍ ബ്രദേഴ്സ് - മാക്ക് കുവൈത്ത് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകള്‍ക്കും ഗോളടിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ഒന്നുപോലും ഗോളാക്കാനായില്ല.

മറ്റൊരു മത്സരത്തില്‍ യംഗ് ഷൂട്ടേഴ്സ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കു കെകെഎസ് സുറയെ തകര്‍ത്തു. ഷൂട്ടേഴ്സിനുവേണ്ടി ഉണ്ണി, ഷബീര്‍ എന്നിവര്‍ സുറയുടെ ഗോള്‍ വല കുലുക്കി.

തുല്യശക്തികള്‍ മാറ്റുരച്ച അവസാന മത്സരത്തില്‍ സിഎഫ്സി സാല്‍മിയയും സോക്കര്‍ കേരളയും സമനിലയില്‍ പിരിഞ്ഞു.

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റേഡിയത്തില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു വരെയാണ് മത്സരങ്ങള്‍. കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 66619649, 99534500, 99288672.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍