രജീഷ് നവയുഗം സഹായത്താല്‍ നാട്ടിലേക്കു മടങ്ങി
Thursday, December 10, 2015 8:00 AM IST
ദമാം: വന്‍തുക ഏജന്റിനു നല്‍കി ജീവിതം കരുപിടിപ്പിക്കാമെന്ന മോഹവുമായി സൌദിയില്‍ എത്തിയ തൊടുപുഴ തച്ചേത്ത് രജീഷ് പാതി തളര്‍ന്ന ശരീരവും മനസുമായി നവയുഗം ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം നാട്ടിലേക്കുതിരിച്ചു.

അഞ്ചു മാസം മുമ്പാണ് പെയിന്റിംഗ് ജോലിക്കായി രജീഷ് ദമാമില്‍ എത്തുന്നത്. എന്നാല്‍ രണ്ടാഴ്ചത്തെ പെയിന്റിംഗ് ജോലിക്കുശേഷം കമ്പനി രജീഷിനെ മറ്റൊരു മാന്‍പവര്‍ കമ്പനിക്കു കൈമാറി. അവിടെ ജാക്ക് ഹമ്മര്‍ ഓപ്പറേറ്റര്‍ ജോലിയാണു ലഭിച്ചത്. ഒരാഴ്ച ജോലി ചെയ്തു കഴിഞ്ഞപ്പോള്‍ കൈക്ക് ശക്തമായ വേദന തുടങ്ങുകയും ഇടതുകൈ പ്രവര്‍ത്തനക്ഷമമല്ലാതാകുകയും ചെയ്തു. സുഹൃത്തുകളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വിദക്ത ചികിത്സയ്ക്കായി നാട്ടില്‍ വിടാന്‍ സ്പോണ്‍സറോട് ആവശ്യപ്പെട്ടു. എന്നാല്‍, തനിക്കു വലിയൊരു തുക നഷ്ടപരിഹാരം നല്‍കിയാലേ നാട്ടിലയയ്ക്കു എന്ന നിലപാടാണ് സ്പോണ്‍സര്‍ സ്വീകരിച്ചത്.

തുടര്‍ന്ന് നവയുഗം ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകന്‍ ഷാന്‍ പേഴുംമൂടിന്റെ സഹായത്തോടെ ലേബര്‍ കോടതിയില്‍ കേസ് കൊടുത്തു. എന്നാല്‍ ആദ്യമൊന്നും ലേബര്‍ കോടതിയില്‍ വരാന്‍ കൂട്ടാക്കാതിരുന്ന സ്പോണ്‍സര്‍ ഒടുവില്‍ എത്തിയെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടികൊണ്ട് പോകാനാണു ശ്രമിച്ചത്. ഒടുവില്‍ ഷാന്‍ പെഴുംമൂടിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്പോണ്‍സര്‍ എക്സിറ്റ് നല്‍കി. ദമാം നാടക വേദി രജീഷിനുള്ള വിമാന ടിക്കറ്റ് നല്‍കി. കഴിഞ്ഞ ദിവസം രജീഷ് നാട്ടിലേക്കു തിരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം