പയ്യന്നൂര്‍ സൌഹൃദവേദി 'സ്പന്ദനം 2015' ഉദ്ഘാടനം ചെയ്തു
Thursday, December 10, 2015 8:00 AM IST
ദമാം: പയ്യന്നൂര്‍ സൌഹൃദവേദി ദമാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന 'സ്പന്ദനം 2015' ദമാം ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.

പിഎസ്വി ദമാം പ്രസിഡന്റ് ഭാസ്കരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സുഹൈബ് മുഖ്യപ്രഭാഷണം നടത്തി. ജീവകാരുണ്യ കണ്‍വീനര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ശ്വാസകോശാര്‍ബുദ രോഗബാധിതയായ രണ്ടരമാസം പ്രായമുള്ള ബേബി അനിക (കുഞ്ഞിമംഗലം) യ്ക്കുവേണ്ടി സ്വരൂപിച്ച തുക അജിത് ജോയിന്റ് ട്രഷറര്‍ ഭരതനും തളര്‍ന്നു കിടക്കുന്ന പെണ്‍കുട്ടിക്കു (ദര്‍ശന, പിലാത്തറ) വേണ്ടി സ്വരൂപിച്ച തുക ജീവകാരുണ്യ കണ്‍വീനര്‍ പ്രദീപ് കുമാര്‍, കൃഷ്ണകുമാറിനും കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായമായി മണിയറ സ്വദേശിയായ എം.വി. രാജേഷിനു പിഎസ്വി കമ്മിറ്റി സ്വരൂപിച്ച തുക ബിജു കല്ലുമല ട്രഷറര്‍ മുനീറിനും കൈമാറി.

ചടങ്ങില്‍ പിഎസ്വിയുടെ 2016 കലണ്ടര്‍ പ്രകാശനം നടന്നു. ജുബൈല്‍ ഇന്ത്യന്‍ സ്കൂള്‍ അധ്യാപകനും സാഹിത്യകാരനും കലാകാരനുമായ സനില്‍കുമാറിനു പിഎസ്വിയുടെ ഉപഹാരം മുഹമ്മദ് ഷാഫി സനില്‍ മാഷിനു നല്‍കി ആദരിച്ചു. ഉപദേശകസമിതി അംഗം മായിന്‍ നന്ദി പറഞ്ഞു.

ഒഐസിസിയുടെ റീജണല്‍ കമ്മിറ്റി അംഗം ബിജു കല്ലുമല, നവയുഗം റീജണല്‍ കമ്മിറ്റി അംഗം അജിത്, സാമൂഹിക പ്രവര്‍ത്തകനായ കമാല്‍ കളമശേരി തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു.

തുടര്‍ന്നു കുട്ടികളുടെയും പയ്യന്നൂര്‍ സൌഹൃദവേദി പ്രവര്‍ത്തകരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. ദേശീയഗാനത്തോടെ പരിപാടി സമാപിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം