ഹൂസ്റണ്‍ സോക്കര്‍ ടൂര്‍ണമെന്റ്: എഫ്സിസി ചാമ്പ്യന്മാര്‍
Saturday, November 28, 2015 10:20 AM IST
ഹൂസ്റണ്‍: ഹൂസ്റണിലെ മലയാളി സോക്കര്‍ ക്ളബായ ഹൂസ്റണ്‍ സ്ട്രൈക്കേഴ്സിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ മലയാളി ക്ളബുകള്‍ പങ്കെടുത്ത സോക്കര്‍ ടൂര്‍ണമെന്റില്‍ ഫുട്ബോള്‍ ക്ളബ് ഓഫ് കരോള്‍ട്ടന്‍ (എഫ്സിസി) ചാമ്പ്യന്മരായി. ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് എഫ്സിസി വിജയ കിരീടമണിഞ്ഞത്. ഹൂസ്റണ്‍ സ്ട്രൈക്കേഴ്സാണ് റണ്ണേഴ്സ് അപ്.

ഡാളസില്‍ കഴിഞ്ഞ മാസം നടന്ന ടെക്സസ് ഓപ്പണ്‍ കപ്പ് ടൂര്‍ണമെന്റിലും എഫ്സിസി ട്രോഫി നേടിയിരുന്നു. എംവിപിയായി ജോഷ് വര്‍ഗീസ്, മികച്ച ഗോള്‍ കീപ്പറായി കൈലേഷ് എന്നിവരെ തെരഞ്ഞെടുത്തു.
കേരളത്തില്‍ നിന്നുള്ള ദേശീയ ലീഗ് താരവും സന്തോഷ് ട്രോഫി താരവുമായ ലേണല്‍ തോമസ്, ഏഴുതവണ തമിഴ്നാടിനു വേണ്ടി സന്തോഷ് ട്രോഫി കളിച്ച മലയാളി താരം ജസ്റസ് ആന്റണി എന്നിവര്‍ എഫ്സിസിക്കുവേണ്ടി അതിഥി താരങ്ങളായി ടൂര്‍ണമെന്റില്‍ പങ്കെടുത്തതും ശ്രദ്ധേയമായി.

പ്രവാസി ടൂര്‍ണമെന്റിനു ഹരം പകര്‍ന്ന് സന്തോഷ് ട്രോഫി താരങ്ങള്‍

ദേശീയ ലീഗ്, എസ്ബിടി, സന്തോഷ് ട്രോഫി ടൂര്‍ണമെന്റുകള്‍ കളിച്ച കേരള താരം ലേണല്‍ തോമസ്, എഴുതവണ തമിഴ്നാടിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ച മലയാളിയായ ജസ്റസ് ആന്റണി എന്നിവരുടെ സാന്നിധ്യം ഹൂസ്റണ്‍ ടൂര്‍ണമെന്റിനു ആവേശവും ഉത്തേജനവുമായി.

എഫ്സിക്കുവേണ്ടിയാണ് ഇരുവരും അതിഥി താരങ്ങളായി ബൂട്ടണിഞ്ഞത്. മികച്ച സ്റോപ്പര്‍ ബാക്കായി ഒരു ദശാബ്ദക്കാലം ദേശീയ മത്സരങ്ങളില്‍ തിളങ്ങിയ ലേണല്‍ തോമസും ജസ്റസ് ആന്റോയും കളം നിറഞ്ഞു കളിച്ചു. പരിശീലകരുടെ റോളിലാണ് ഇരുവരും ഇപ്പോള്‍. മുന്‍ എംജി യൂണിവേഴ്സിറ്റിതാരങ്ങളും എഫ്സിസി വൈസ് ക്യാപ്റ്റനുമായ ലിനോയ് ജോയ്, ക്യാപ്റ്റന്‍ മനോജ് പൌലോസ് എന്നിവരുടെ മുന്‍പരിചയമാണ് ഇരുവരെയും ടൂര്‍ണമെന്റില്‍ എത്തിച്ചത്. മറ്റൊരു ടീമിന് കോച്ചിംഗ് നല്‍കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇരുവരും.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍