മനുഷ്യാവകാശ ധ്വംസനത്തിനെതിരെ പ്രതികരിച്ച കനേഡിയന്‍ സുന്ദരിക്ക് വിമാന യാത്ര നിഷേധിച്ചു
Saturday, November 28, 2015 9:11 AM IST
ടൊറേന്റോ: ചൈനയില്‍ ഈ വാരാന്ത്യം നടക്കുന്ന മിസ് വേള്‍ഡ് സൌന്ദര്യറാണി മത്സരത്തില്‍ പങ്കെടുക്കുവാന്‍ യാത്ര പുറപ്പെട്ട കനേഡിയന്‍ സുന്ദരിക്ക് ചൈനയിലേയ്ക്കുള്ള വിമാനത്തില്‍ പ്രവേശനം നിഷേധിച്ചു.

അനസ്റാസിയ ലിന്‍ എന്ന ഇരുപത്തഞ്ചുകാരിയാണ് നവംബര്‍ 26ന് ആണ് കാനഡയില്‍നിന്നും ഹോങ്കോംഗിലെത്തിയത്. ചൈനയിലെ റിസോര്‍ട്ട് ഐലന്റില്‍ (ഹൈനാന്‍) പോകുന്നതിനാണ് ഹോങ്കോംഗ് വിമാനത്താവളത്തിലെത്തിപ്പോഴാണ് ചൈനീസ് അധികൃതര്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തിത്. ലിന്‍ നേരത്തെ വീസക്കുവേണ്ടി അപേക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. എന്നാല്‍ കനേഡിയന്‍ പൌരത്വമുള്ളതിനാല്‍ ഓണ്‍ അറൈവല്‍ വീസക്കുവേണ്ടിയാണ് ഇവര്‍ ശ്രമിച്ചത്.

ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനത്തിനും മതസ്വാതന്ത്യ്രത്തിനുമെതിരെ പ്രതികരിച്ചതിനാലാണ് വീസ് നിഷേധിച്ചതെന്ന് ലിന്‍ പറയുന്നു. കഴിഞ്ഞ ജൂലൈയില്‍ ചൈനയില്‍ നടക്കുന്ന മതപീഡനത്തിനെതിരെ യുഎസ് കണ്‍ഗ്രഷണല്‍ ഹിയറിംഗില്‍ ലിന്‍ തെളിവു നല്‍കിയിരുന്നു. ഇതായിരിക്കാം അധികൃതരെ പ്രകോപിപ്പിച്ചതിനു മറ്റൊരുകാരണമെന്നും ലിന്‍ കൂട്ടിചേര്‍ത്തു.

എന്നാല്‍ ലിന്‍ ചൈനയില്‍ സ്വാഗതം ചെയ്യപ്പെടുകയില്ല എന്നാണ് ഒട്ടാവയിലെ ചൈനീസ് എംബിസി പറയുന്നത്. എന്തായാലും സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ചൈനയുടെ വിദേശ മന്ത്രാലയ വക്താവ് വിസമ്മതിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍