നാമം എക്സലന്‍സ് അവാര്‍ഡ് നൈറ്റ് 2016 മാര്‍ച്ച് 19ന് ന്യുജേഴ്സിയില്‍
Saturday, November 28, 2015 6:55 AM IST
ന്യുജേഴ്സി: പ്രമുഖ പ്രവാസി സംഘടനയായ നാമത്തിന്റെ എക്സലന്‍സ് അവാര്‍ഡ് നൈറ്റ് 2016 മാര്‍ച്ച് 19-നു നടത്തുമെന്നു പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി അറിയിച്ചു.

ന്യുജേഴ്സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ മാര്‍ച്ച് 19-നു വൈകുന്നേരം സംഘടിപ്പിക്കുന്ന വിപുലവും വര്‍ണ്ണാഭവുമായ ചടങ്ങില്‍ ഇന്ത്യന്‍- അമേരിക്കന്‍ സമൂഹത്തിലെ ഉന്നത വ്യക്തികളും, സംഘടന നേതാക്കളും, സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. മലയാളികളെയും ഉത്തരേന്ത്യന്‍ സമൂഹത്തെയും ഒരുമിച്ചു അണിനിരത്തിക്കൊണ്ട് , വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിക്കുകയും സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭരെയാണ് നാമം എക്സലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ നാമം സംഘടിപ്പിച്ച എക്സലന്‍സ് അവാര്‍ഡ് നിശകള്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രൊഫഷണല്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യവും വര്‍ണ്ണാഭവുമായ പരിപാടികള്‍ ഇക്കുറിയുമുണ്ടാകുമെന്നു ഡോ. ഗീതേഷ് തമ്പി പറഞ്ഞു. എക്സലന്‍സ് അവാര്‍ഡ് നൈറ്റിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്ന ആഴ്ചകളില്‍ നല്കുമെന്നും ഇനി മുതല്‍ രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോഴായിരിക്കും നാമം എക്സലന്‍സ് അവാര്‍ഡ് നൈറ്റ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: വിനീത നായര്‍