ഫോബ്മ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വിജയികളെ കാത്ത് ഇത്തവണയും സ്വര്‍ണ പതക്കങ്ങള്‍
Friday, November 27, 2015 8:49 AM IST
മാഞ്ചസ്റര്‍: ഫോബ്മ കലോത്സവത്തിനു തിരശീല ഉയരാന്‍ ഏതാനും മണിക്കൂര്‍ ബാക്കിനില്‍ക്കെ നവംബര്‍ 28ന് (ശനി) രാവിലെ 10ന് വോള്‍വര്‍ ഹാംപ്റ്റണില്‍ നടക്കുന്ന ഫോബ്മ കലോത്സവം 2015 ന്റെ അവസാനഘട്ട മിനുക്ക് പണികളുടെ തിരക്കിലാണ് ജനറല്‍ കണ്‍വീനര്‍ തോമസ് കാച്ചപ്പിള്ളിയുടെ നേതൃത്വത്തിലുള്ള കലോത്സവ കമ്മിറ്റി അംഗങ്ങള്‍.

യുകെ കലാ മത്സര വേദികളില്‍ ആദ്യമായി കാഷ് അവാര്‍ഡ് നല്‍കുന്നു എന്നൊരു പ്രത്യേകതയും ഈ കലോല്‍സവത്തിനുണ്ട്. ഫോബ്മയുടെ ആദ്യ കലോത്സവത്തില്‍ തന്നെ കലാ പ്രതിഭയ്ക്കും കലാതിലകത്തിനും ട്രോഫികളോടൊപ്പം ഒരോ പവന്‍ തൂക്കമുള്ള സ്വര്‍ണനാണയങ്ങള്‍ സമ്മാനിച്ചു കൊണ്ടു സംഘാടകരംഗത്ത് പുതിയൊരു ചരിത്രം തന്നെ ഫോബ്മ സൃഷ്ടിച്ചിരുന്നു. പതിവ് തെറ്റിക്കാതെ ഈ വര്‍ഷവും കലാ പ്രതിഭയ്ക്കും കലാതിലകത്തിനും സുവര്‍ണ പതക്കങ്ങള്‍ കാത്തിരുപ്പുണ്ട്. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ് സ്വര്‍ണനാണയങ്ങള്‍ സമ്മാനിച്ചിരിക്കുന്നത്. മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്കാണ് പുരസ്കാരങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റിനുമൊപ്പം കാഷ് അവാര്‍ഡ് കൂടി നല്‍കുന്നത്.

എന്നും പുതുമകള്‍ വിജയകരമായി അവതരിപ്പിക്കുന്ന ഫോബ്മ ഇത്തവണ അവതരണ ഗാനത്തിനൊപ്പം പ്രത്യേക തീം സോംഗ് കൂടി പുറത്തിറക്കിയിട്ടുണ്ട്. ഫോബ്മ കലോത്സവത്തിനുവേണ്ടി പ്രത്യേകം ചിട്ടപ്പെടുത്തിയ അവതരണ ഗാനം തയാറാക്കിയിരിക്കുന്നത് വിജയ് യേശുദാസ് ആണ്. ഫോബ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബറായ ഡോ. ജോജി കുര്യാക്കോസിന്റെ വരികള്‍ അവതരണഗാനത്തിനു ചാരുത പകര്‍ന്നപ്പോള്‍ ഫോബ്മ കലാ സാഹിത്യവിഭാഗം കോഓര്‍ഡിനേറ്ററും കലോസവ കണ്‍വീനറുമായ രശ്മി പ്രകാശ് ആണ് തീം സോംഗിനു വരികള്‍ എഴുതിയിരിക്കുന്നത്. മുവാറ്റുപുഴ ത്യാഗരാജ സംഗീത കലാലയത്തിലെ എന്‍. പ്രസാദ് ആണു രണ്ടു ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത്. പ്രശസ്ത പുല്ലാംകുഴല്‍ വാദകനായ ചോറ്റാനിക്കര വിജയകുമാര്‍, തബലിസ്റ് സാജു കോട്ടയം, ഗായകരായ ചോറ്റാനിക്കര അജയ കുമാര്‍, രേഖ സൈലേഷ്, രമ്യ കിഷോര്‍ എന്നിവരും അവതരണ ഗാനത്തിന്റെയും തീം സോംഗിന്റേയും പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരില്‍ ചിലരാണ്.

മത്സരാര്‍ഥികള്‍ കുറവുള്ള ഇനങ്ങളിലേയ്ക്ക് താല്പര്യമുള്ളവര്‍ക്ക് ഇനിയും രജിസ്റര്‍ ചെയ്യാവുന്നതാണ്. രാവിലെ ഒമ്പതിനു തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്ന രജിസ്ട്രേഷന്‍ കൌണ്ടറില്‍നിന്നു മത്സരാര്‍ഥികള്‍ക്കു ചെസ്റ് നമ്പരുകള്‍ കരസ്ഥമാക്കാവുന്നതാണ്. രജിസ്ട്രേഷന്‍ ഫീസ് ഇനിയും അടയ്ക്കാത്തവര്‍ പണമടച്ചതിനു ശേഷമായിരിക്കണം അവരവരുടെ ചെസ്റ് നമ്പര്‍ കാര്‍ഡുകള്‍ വാങ്ങേണ്ടത്. ഗ്രൂപ്പ് ഇനങ്ങള്‍ക്ക് ടീം ലീഡര്‍ ആണു ചെസ്റ് നമ്പര്‍ കാര്‍ഡുകള്‍ കൌണ്ടറില്‍ നിന്നും കൈപ്പറ്റേണ്ടത്. കൃത്യമായ വിധി നിര്‍ണയത്തിനു അതത് മേഖലകളില്‍ ആധികാരികമായി കഴിവ് തെളിയിച്ച സീനിയര്‍ ഗുരുക്കന്മാരെയും കലോപകാസകരേയും തന്നെയാണ് ഇത്തവണയും ഫോബ്മ ക്ഷണിച്ചിരിക്കുന്നത്.

മലയാള സിനിമയിലെ ശങ്കര്‍, പത്നി ചിത്രാ ലക്ഷ്മി ടീച്ചര്‍, മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, ഭര്‍ത്താവ് ഷാഹുല്‍ ഹമീദ് എന്നിവരായിരിക്കും മുഖ്യാതിഥികള്‍. ഫോബ്മ കലണ്ടര്‍ 2016ന്റെ പ്രകാശനവും വിതരണവും കലോത്സവ വേദിയില്‍ പ്രകാശനം ചെയ്യും. ഇന്‍ഷ്വറന്‍സ്, മോര്‍ട്ട് ഗേജ് രംഗത്തെ അതികായകരും യുകെ മലയാളികള്‍ക്ക് സുപരിചിതരും ആയ അലൈഡ് ഫിനാന്‍സ്, സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മണി ട്രാന്‍സ്ഫര്‍, ട്രാവല്‍ തുടങ്ങിയ മേഖലകളില്‍ വിശ്വസ്ത സേവനം നല്‍കുന്ന മുത്തൂറ്റ് ഗ്രൂപ്പ്, പ്രദേശികവും കൊറിയര്‍ സര്‍വീസുകളും രാജ്യാന്തര കൊറിയര്‍ സര്‍വീസുകളും കൃത്യ നിഷ്ടയോടെ ചെയ്തു കൊടുക്കുന്ന സീറ്റ ലണ്ടന്‍ ലിമിറ്റഡ് എന്നിവരാണു ഫോബ്മ കലോത്സവം 2015 ന്റെ പ്രധാന പ്രായോജകര്‍.

നാട്ടിലും യുകെയിലും മികച്ച ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൌണ്ട് എടുക്കുവാന്‍ ആഗ്രഹമുള്ളവര്‍ക്ക് കലോത്സവ വേദിയില്‍ അവസരം ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി തിരിച്ചറിയല്‍ രേഖയുടെയും അഡ്രസ് പ്രൂഫിന്റെയും കോപ്പികള്‍ കരുതേണ്ടതാണ്.

വളരെ വിശാലമായ കാര്‍പാര്‍ക്കും വേദികളും ഗ്രീന്‍ റൂമുകളും ഒക്കെയുള്ള വോള്‍വര്‍ഹാംപ്റ്റണിലെ യുകെ കെസിഎ ഹാളിലാണ് കലാ മത്സരങ്ങള്‍ അരങ്ങേറുക. കാണികള്‍ക്ക് മത്സര വേദികളിലേക്കും തുടര്‍ന്നു നടക്കുന്ന പൊതുയോഗത്തിലേയ്ക്കും സമ്മാനദാന ചടങ്ങുകളിലേക്കും പ്രവേശനം സൌജന്യമാണ്. ഫോബ്മ കലോത്സവ വേദികള്‍ക്കു ഈ വര്‍ഷം ശബ്ദവും വെളിച്ചവും നല്കുന്നത് ശ്രുതി സൌണ്ട്സ് ആന്‍ഡ് ലൈറ്റ്സ് ആണ്. ഷെഫ് വിജയും സംഘവുമാണു ഭക്ഷണം വിതരണം ചെയ്യുന്നത്.

കലയ്ക്കും കലാകാരന്മാര്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ട് അവരുടെ ഉത്തമ പ്രകടനങ്ങള്‍ പുറത്തെടുക്കുവാനുള്ള അവസരങ്ങള്‍ ഒരുക്കുക എന്നതാണ് ഫോബ്മ കലോത്സവത്തിന്റെ ലക്ഷ്യം.

കലോത്സവ വേദിയുടെ വിലാസം: യുകെ കെസിഎ ഹാള്‍, വുഡ് ക്രോസ് ലൈന്‍, ബിള്‍സ്റണ്‍, വോള്‍വര്‍ ഹാംപ്ടണ്‍.

റിപ്പോര്‍ട്ട്: അജിമോന്‍ ഇടക്കര