ആഢംബര വിവാഹങ്ങള്‍ക്കു നികുതി: ബില്‍ നിയമസഭയില്‍
Thursday, November 26, 2015 9:41 AM IST
ബംഗളൂരു: ആഢംബര വിവാഹങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന സ്വകാര്യ ബില്‍ നിയമസഭയില്‍. മുന്‍ സ്പീക്കറും ശ്രീനിവാസപുര എംഎല്‍എയുമായ കെ.ആര്‍. രമേഷാണ് കര്‍ണാടക സംസ്ഥാന വിവാഹ രജിസ്ട്രേഷന്‍ ബില്‍ 2015 വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചത്. വിവാഹത്തിന്റെ പേരിലുള്ള ധൂര്‍ത്ത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബില്‍. ബില്ലിന് അംഗീകാരം ലഭിച്ചാല്‍ സംസ്ഥാനത്തെ ആഡംബര വിവാഹങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും.

അഞ്ചു ലക്ഷത്തിനു മുകളില്‍ ചെലവുള്ളതും ആയിരം ക്ഷണിതാക്കളുമുള്ള വിവാഹങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്നാണ് ബില്ലിലെ മറ്റൊരു നിര്‍ദേശം. വിവാഹത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നതു തടയുന്നതിന് നിയമങ്ങളുണ്ടാക്കണമെന്നും ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കെ.ആര്‍. രമേഷ് സഭയില്‍ ആവശ്യപ്പെട്ടു.

ആഢംബരമായി നടത്തുന്ന വിവാഹത്തിനായി പലരും വീടുകളും വസ്തുക്കളും വില്ക്കുകയാണെന്നും ഗ്രാമീണ മേഖലയിലും ഇപ്പോള്‍ ഈ പ്രവണത കണ്ടുവരുന്നതായും നിയമമന്ത്രി ടി.ബി. ജയചന്ദ്ര പറഞ്ഞു.

നേരത്തെ ഒരെണ്ണത്തിന് 7,000 രൂപയില്‍ കൂടുതല്‍ വരുന്ന വിവാഹ ക്ഷണപത്രങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കിയിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന നികുതിപ്പണം നിര്‍ധനയുവതികളുടെ വിവാഹത്തിന് ധനസഹായം നല്കാന്‍ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.