കണ്ണൂര്‍ സ്വദേശി മസ്തിഷ്കാഘാതം മൂലം ഹായിലില്‍ മരിച്ചു
Thursday, November 26, 2015 9:30 AM IST
റിയാദ്: കണ്ണൂര്‍ സ്വദേശി ഹായിലില്‍ മസ്തിഷ്ക്കാഘാതം മൂലം മരിച്ചു. കണ്ണുര്‍ തലശേരി പിണറായി സ്വദേശി സതീശനാണ് (50) സൌദി അറേബ്യയിലെ ഹായില്‍ കിംഗ് ഖാലിദ് ആശുപത്രിയില്‍ മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച മരിച്ചത്. 

ഞായറാഴ്ച പുലര്‍ച്ചെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മസ്തിഷ്കാഘാതം സ്ഥിരീകരിച്ചതിനാലും തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനാലും സ്പോണ്‍സറെ ബന്ധപ്പെട്ട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍. 

ഇരുപതു വര്‍ഷത്തിലേറെയായി പ്രവാസ ജീവിതം നയിച്ചുവന്ന സതീശന് ഭാര്യയും മൂന്ന് മക്കളുമാണുള്ളത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് സ്പോണ്‍സറുടെ സഹായത്തോടെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിവരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍