ഉസ്മാന്‍ ആഷിഖിനു ഡിഫ സ്വീകരണം നല്‍കി
Thursday, November 26, 2015 9:24 AM IST
ദമാം: മുന്‍ സന്തോഷ് ട്രോഫി താരവും പ്രമുഖ ഐ ലീഗ് കളിക്കാരനുമായ ഉസ്മാന്‍ ആഷിഖിനു ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ സ്വീകരണം നല്‍കി.

ദമാം ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതി ചെയര്‍മാനും സിഫ്കോ സെക്രട്ടറി ജനറലുമായ ഡോ. അബ്ദുസലാം ഡിഫയുടെ മൊമെന്റോ ഉസ്മാന്‍ ആഷിഖിനു സമ്മാനിച്ചു. ചടങ്ങില്‍ പ്രസിഡന്റ് റഫീക് കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. മണി പത്തിരിപ്പാല, സകീര്‍ വള്ളക്കടവ്, റിയാസ് പറളി, സമീര്‍ സാം, അബ്ദുല്‍ ജബാര്‍ കോഴിക്കോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുജീബ് കളത്തില്‍ ഉസ്മാന്‍ ആഷിഖിനെ പരിചയപ്പെടുത്തി. ദമാമില്‍ നടന്നു വരുന്ന ഖാലിദിയ ഫുട്ബോള്‍ മേളയില്‍ പങ്കെടുക്കുന്ന അല്‍കോബാര്‍ യുണൈറ്റഡ് എഫ്സി ടീമിനുവേണ്ടി ജേഴ്സിയണിയാനാണ് ഇദ്ദേഹം ദമാമിലെത്തിയത്.

ഒറ്റപ്പാലം സ്വദേശിയായ ഉസ്മാന്‍ ആഷിഖ് ഹൈസ്കൂള്‍ പഠന കാലം തൊട്ട് സ്കൂള്‍ ടീമിലൂടെയാണ് കാല്‍പന്ത് കളിയിലേക്ക് കടന്ന് വന്നത്. പ്ളസ്വണിനു പഠിക്കുന്ന കാലത്ത് തന്റെ പതിനാറാമത്തെ വയസില്‍ അല്‍ മദീന ചെറുപ്പുള്ളശേരിക്കുവേണ്ടി അഖിലേന്ത്യ സെവന്‍സില്‍ ജേഴ്സിയണിഞ്ഞാണ് അരങ്ങേറ്റം. പിന്നീട് മലബാറിലെ നിരവധി ക്ളബുകള്‍ക്കുവേണ്ടി ബൂട്ടണിഞ്ഞു. പാലക്കാട് ജില്ലാ ടീമില്‍ പതിനേഴാമത്തെ വയസില്‍ അണ്ടര്‍ 19 കേരള ടീമില്‍ അംഗമായി. ഉടന്‍തന്നെ വിവ കേരളയില്‍ അംഗമായതോടെ പ്രഫഷണല്‍ ഫുട്ബോള്‍ രംഗത്തെത്തിയ ആശിഖ് പ്രയാഗ് യുണൈറ്റഡ്, ചിരാഗ് യുണൈറ്റഡ്, പൂനെ എഫ്സി തുടങ്ങിയ ടീമുകള്‍ക്കുവേണ്ടി കളിച്ചു. 2013ല്‍ ജൂണിയര്‍ ഇന്ത്യന്‍ ടീമിലും 2014 ലും 2015 ലും സന്തോഷ് ട്രോഫിയിലും കേരളത്തിനുവേണ്ടി മികച്ച കളി ആഷിഖ് കാഴ്ച്ചവച്ചു. 2015ല്‍ നാഷണല്‍ ഗെയിംസിലും കേരളത്തിനുവേണ്ടി കളിച്ചിട്ടുണ്ട്. ഒറ്റപ്പാലം കുറുപ്പത്ത് വളപ്പില്‍ വീട്ടില്‍ അബ്ദുല്‍ ഖാദര്‍ -ആയിശ ദമ്പതികളുടെ മകനാണ്.

പ്രവാസികള്‍ക്കിടയിലെ ഫുട്ബോള്‍ ഭ്രമം തന്നെ ആകര്‍ഷിച്ചതായും തനിക്ക് ഏറ്റവും കൂടുതല്‍ പ്രോല്‍സാഹനം നല്‍കുന്നതും പ്രവാസികളാണെന്ന് രണ്ടാം തവണയും സൌദിയിലെ വിവിധ മല്‍സരങ്ങളില്‍ പങ്കെടുക്കാനെത്തിയ ഉസ്മാന്‍ ആഷിഖ് പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം