സ്മാഷ് ദാറ്റ് 2015 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ടീം സ്മാഷേഴ്സ് ചാമ്പ്യന്മാര്‍
Thursday, November 26, 2015 9:23 AM IST
ജിദ്ദ: ഇദംപ്രഥമായി മലയാളികളുടെ കൂട്ടായ്മയില്‍ ജിദ്ദയിലെ ഒളിമ്പിയ സ്പോര്‍ട്സ് കോമ്പ്ലെക്സില്‍ നടന്ന സ്മാഷ് ദാറ്റ് 2015 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ടീം സ്മാഷേഴ്സ് ചാമ്പ്യന്മാരായി.

ലീഗ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ നാലു ടീമുകളാണു മാറ്റുരച്ചത്. ലോജിടെക് സ്മാസേഴ്സ്, ടോസേഴ്സ്, ജോട്ടന്‍ സ്ളൈസേഴ്സ്, ഫ്ളിക്കേഴ്സ് എന്നിങ്ങനെ നാല് ടീമുകള്‍ 15 വീതം കളിക്കാരെ രംഗത്തിറക്കി നടന്ന മത്സരം ബാഡ്മിന്റണ്‍ പ്രേമികള്‍ക്കു നവ്യാനുഭവമായി.

ജിദ്ദയിലുള്ള ഇന്ത്യ, ഫിലിപ്പീന്‍, മലേഷ്യ, ഇന്തോനേഷ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഏറ്റവും പ്രമുഖരായ കളിക്കാരെയാണു ടീമുകളില്‍ ഉള്‍പ്പെടുത്തിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച മത്സരം അര്‍ധരാത്രി ഒന്നോടെയാണു സമാപിച്ചത്.

പത്ത് മത്സരങ്ങള്‍ അടങ്ങിയ ഫൈനലില്‍ ലോജിടെക് സ്മാഷേഴ്സും ടോസേഴ്സും ഒപ്പത്തിനൊപ്പം മുന്നേറ്റം കാഴ്ചവച്ചതോടെ മത്സരം കാണികള്‍ക്കു ഹരമായി. ഫൈനലിലെ പത്താമത്തെ നിര്‍ണായക മത്സരത്തില്‍ ടോസേഴ്സിനുവേണ്ടി കളിച്ച ഫബിദ് - റിക്കോ കൂട്ടുകെട്ട് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഫൈനലില്‍ ഇരു ടീമുകളും അഞ്ചു പോയിന്റുകള്‍ വീതം കരസ്ഥമാക്കി മത്സരം സമനിലയില്‍ പിരിഞ്ഞു.

സഡന്‍ ഡത്തിലേക്കു കടന്ന വനിതകളുടെ ഡബിള്‍സില്‍ ലോജിടെക് സ്മാഷേഴ്സിനുവേണ്ടി കളിച്ച ഗെന്‍ഗ് സാറ കൂട്ടുകെട്ട് വിജയക്കൊടി പാറിച്ചു. ലോജിടെക് സ്മാഷേഴ്സിനുവേണ്ടി വിനു, ആഷില്‍, ജുനൈദ്, ബഷീര്‍, ജോയ്, ഗെന്‍ഗ് തുടങ്ങിയവര്‍ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണു കാഴ്ചവച്ചത്.

സ്മാഷ് ദാറ്റ് 2015 പ്രസിഡന്റ് രവിയുടെ നേതൃത്വത്തില്‍ സമ്മാന ദാന ചടങ്ങ് നടന്നു. ചാമ്പ്യന്മാരായ ലോജിടെക് സ്മാഷേഴ്സിനുവേണ്ടി ടീം ഓണര്‍ ബഷീര്‍ ക്യാപ്റ്റന്‍ വിനു എന്നിവര്‍ ട്രോഫികള്‍ ഏറ്റുവാങ്ങി. റണ്ണര്‍ അപ്പ് ട്രോഫികള്‍ ടോസേഴ്സ് ടീം ഉടമ ഗണേഷ്, ക്യാപ്റ്റന്‍ റികോ എന്നിവര്‍ ഏറ്റുവാങ്ങി.

ടൂര്‍ണമെന്റ് സൌദി ഗസറ്റ് സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍ പോള്‍സന്‍ ഉദ്ഘാടനം ചെയ്തു. മായിന്‍ കുട്ടി അബ്ദുറഹ്മാന്‍ വണ്ടൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ ജിദ്ദയിലെ പ്രശസ്ത ഡാന്‍സ് മാസ്റര്‍ പുഷ്പ കോറിയോഗ്രാഫി നിര്‍വഹിച്ച നൃത്തങ്ങള്‍ അരങ്ങേറി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍