മസ്കറ്റ് ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റിവലിനു അമറാത്ത് പാര്‍ക്കില്‍ വ്യാഴാഴ്ച തിരിതെളിയും
Thursday, November 26, 2015 7:27 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റിവലിന് ഇന്നു (വ്യാഴം) വൈകുന്നേരം ആറിനു തിരിതെളിയും. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് രാപകലില്ലാതെ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അമ്പതിനായിരത്തോളം ആളുകള്‍ പങ്കെടുത്ത മലയാളികളുടെ ഈ ഉത്സവത്തില്‍ കാലാവസ്ഥ കൂടുതല്‍ അനുകൂലമായതിനാല്‍ ഇത്തവണ കൂടുതല്‍ ആളുകള്‍ വന്നുചേരുമെന്നു സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ട്, തെയ്യം, ഒഡിസി, മാപ്പിളപ്പാട്ട്, ഗര്‍ബ്ബ, ബംഗ്രാ തുടങ്ങിയ ഉത്തരേന്ത്യന്‍ നൃത്ത രൂപങ്ങള്‍ക്കു പുറമേ കലാമേന്മയുള്ള ഒരുപിടി പരിപാടികള്‍ അവതരിപ്പിക്കപ്പെടുമെന്ന് ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എം. ജാബിര്‍ പറഞ്ഞു.
ഭക്ഷണ സ്റാളുകള്‍, കരകൌശല സ്റാളുകള്‍, വിവിധങ്ങളായ വില്പന സ്റാളുകള്‍ തുടങ്ങി അമ്പതോളം സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ശാസ്ത്രപ്രദര്‍ശനം തുടങ്ങിയവ ഒരുക്കിയിരിക്കുന്നു.

സമാപന ദിവസമായ ശനിയാഴ്ച വൈകുന്നേരം ഏഴിനു ഇക്കൊല്ലത്തെ കൈരളി അനന്തപുരി അവാര്‍ഡ് കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മലിനു സമ്മാനിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം