അബുദാബി മാര്‍ത്തോമ ഇടവക കൊയ്ത്തുല്‍സവത്തിനൊരുങ്ങി
Wednesday, November 25, 2015 8:06 AM IST
അബുദാബി: മുസഫ മാര്‍ത്തോമ ദേവാലയത്തില്‍ പങ്കുവയ്ക്കലിന്റെയും പരസ്പര കരുതലിന്റെയും സന്ദേശം പകരുന്ന കൊയ്ത്തുത്സവത്തിനു വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പതിനായിരത്തോളം പേരെ പ്രതീക്ഷിക്കുന്ന കൊയ്ത്തുല്‍സവം 27 നു (വെള്ളി) നാലു മുതല്‍ ദേവാലയാങ്കണത്തില്‍ നടക്കും. തനത് കേരളീയ വിഭവങ്ങള്‍ ലഭ്യമാകുന്ന മുപ്പതോളം ഭക്ഷണ സ്റാളുകളാകും ഉത്സവ നഗരിയിലെ മുഖ്യാകര്‍ഷണം. പത്തു സ്റാളുകളില്‍ ഭക്ഷണം തത്സമയം പാചകം ചെയ്തു നല്‍കുന്നതിനു ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നു എന്നതാണ് ഇപ്രാവശ്യത്തെ പ്രത്യേകത. വിവിധ വ്യാപാര സ്ഥാപനങ്ങള്‍, അലങ്കാര ചെടികള്‍, ക്രിസ്മസ് അലങ്കാരങ്ങള്‍, വിനോദ മത്സരങ്ങള്‍ തുടങ്ങി 50 സ്റാളുകളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം അറിയിച്ചു.

വിവിധ കലാപരിപാടികള്‍, മാജിക് ഷോ, ബേബി ഷോ, പെയിന്റിംഗ്, ഡ്രോയിംഗ് ,ക്ളേ മോഡലിംഗ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. എന്‍ട്രി കൂപ്പണുകളിലൂടെ നടത്തുന്ന നറുക്കെടുപ്പിലെ വിജയികള്‍ക്ക് 20 സ്വര്‍ണ നാണയങ്ങള്‍ അടക്കം വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും.

ഏബ്രഹാം മാത്യു ജനറല്‍ കണ്‍വീനറും സി.ഒ. ചെറിയാന്‍, ബിനു ജോണ്‍, ജിജു കെ. മാത്യു, നിബു ഐസക്ക് ഈപ്പന്‍, കെ.പി. ദാനിയല്‍, ബിജു ഫിലിപ്പ്, ടി.എം. മാത്യു, ബിജു പി.ജോണ്‍, സിനി ഷാജി, അനില്‍ മാത്യു, മോന്‍സി മാത്യു, ജോര്‍ജി സാമുവല്‍, ജെബി ജോസ്, മാത്യു പി.ജോണ്‍, സുജിത് എം. വര്‍ഗീസ് എന്നിവര്‍ സബ് കമ്മിറ്റി കണ്‍വീനര്‍മാരായുമുള്ള വിവിധ കമ്മിറ്റികളാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

കൊയ്ത്തുത്സവത്തിലെ വരുമാനം ഇടവക ആവിഷ്കരിച്ച് നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികള്‍ക്കും വികസന പരിപാടികള്‍ക്കുമായി ചെലവഴിക്കും. കാന്‍സര്‍രോഗ ബാധിതര്‍ക്കായി പ്രത്യേക നിധി രൂപവത്കരിക്കും. ഒറീസയിലെ ഉത്കല്‍, കര്‍ണാടകയിലെ ദോഡാബെല്ലാപ്പൂര്‍, കേരളത്തിലെ ഉപ്പുകുഴി തുടങ്ങിയ ഗ്രാമങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവക നേതൃത്വം നല്‍കുന്നു. കുട്ടികള്‍ക്കായി സേവ് എ ലിറ്റില്‍ ലൈഫ് എന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

സഹ വികാരി റവ. ഐസക് മാത്യു, ഇടവക ട്രസ്റിമാരായ സി.ഒ. ചെറിയാന്‍, ബിനു ജോണ്‍, സെക്രട്ടറി ജിനു രാജന്‍, ജനറല്‍ കണ്‍വീനര്‍ ഏബ്രഹാം മാത്യു, പബ്ളിസിറ്റി കണ്‍വീനര്‍ ബിജു ഫിലിപ്പ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള