നെടുമ്പാശേരി-ഓസ്ട്രേലിയ വിമാന സര്‍വീസിനു ശ്രമിക്കുമെന്നു മുഖ്യമന്ത്രി
Wednesday, November 25, 2015 8:02 AM IST
തിരുവനന്തപുരം: ഓസ്ട്രേലിയന്‍ മലയാളികളുടെ വിമാനയാത്രാ സൌകര്യം വര്‍ധിപ്പിക്കുന്നതിനു നെടുമ്പാശേരി -ഓസ്ട്രേലിയ റൂട്ടില്‍ എയര്‍ ഇന്ത്യ വിമാന സര്‍വീസിനായി കേന്ദ്ര വ്യോമയാന മന്ത്രിക്കു നിവേദനം നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിനായി അടുത്തമാസം ഒമ്പതിന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ നേരില്‍കണ്ട് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയന്‍ മലയാളികളുടെ വിവിധ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കാനെത്തിയപ്പോഴാണ് ഉമ്മന്‍ ചാണ്ടി പ്രതിനിധി സംഘത്തിന് ഉറപ്പു നല്‍കിയത്.

മലേഷ്യന്‍ എയര്‍ലൈന്‍സ് നെടുമ്പാശേരിയിലേക്കുള്ള സര്‍വീസ് കഴിഞ്ഞ ഏപ്രിലില്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രധാന കമ്പനി. ഇതു മൂലം ടിക്കറ്റ് നിരക്കിലും മറ്റും ഗണ്യമായ നഷ്ടം സഹിക്കേണ്ടി വരുന്നതായി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

ജോണ്‍സണ്‍ മാമലശേരി, റെജി പുല്ലാട്ട് (നാദം ഡാന്‍ഡിനോംഗ്), അരുണ്‍ സെബാസ്റ്യന്‍ (പെര്‍ത്ത്), ബെന്നി കുര്യന്‍ (അഡ്ലെയ്ഡ് അസോസിയേഷന്‍), ബേബി മാത്യു (ബ്രിസ്ബെയ്ന്‍), ജോജോ തൃശൂര്‍ (ഒഐസിസി), എം.എന്‍. സുരേഷ് (ജയ്ഹിന്ദ് ടിവി), ജോസ് എം. ജോര്‍ജ്, കെപിസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.