അല്‍ഹസയിലെ പ്രവാസികള്‍ക്കു വിസ്മയക്കാഴ്ചയായി 'പൂനിലാവ് 2015'
Wednesday, November 25, 2015 8:00 AM IST
ദമാം: നവയുഗം സാംസ്കാരിക വേദി അല്‍ഹസ മേഖല കമ്മിറ്റിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'പൂനിലാവ് 2015' എന്ന കലാ,സാംസ്കാരിക സന്ധ്യ അരങ്ങേറി.

കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കലാകാരന്മാര്‍ അവതരിപ്പിച്ച നാടോടി നൃത്തം, മിമിക്സ് പരേഡ്, സിനിമാറ്റിക് ഡാന്‍സ്, മോഹിനിയാട്ടം, താളം പാട്ടുകൂട്ടത്തിന്റെ നാടന്‍ പാട്ടുകള്‍, മറ്റു വിവിധ കലാപ്രകടനങ്ങള്‍, സാംസ്കാരിക സമ്മേളനം, പുരസ്കാരദാനം എന്നിവ 'പൂനിലാവ് -2015' നെ പ്രവാസികള്‍ക്ക് അവിസ്മരണീയമാക്കി.

തുടര്‍ന്നു നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത പ്രവാസി എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി മുതല്‍ കല്‍ബുര്‍ഗി വരെയുള്ള മതേതര വാദികളെ കൊലപ്പെടുത്തിയ ഫാസിസ്റ് ശക്തികളുടെ സാന്നിധ്യം ഇന്ത്യയില്‍ കരുത്താര്‍ജിക്കുന്നത്, നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിനും സാമൂഹ്യ സുരക്ഷയ്ക്കും ഭീഷണിയാണെന്നും മതേതരമൂല്യം മുറുകെപ്പിടിച്ചുകൊണ്ട് ഈ ശക്തികള്‍ക്കെതിരെ ശബ്ദിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ജോസഫ് അതിരുങ്കല്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നവയുഗം അല്‍ഹസ മേഖല കമ്മിറ്റി പ്രസിഡന്റ് രാജീവ് ചവറ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അല്‍ഹസയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ മദനി, മലയാളം ന്യൂസ് റിപ്പോര്‍ട്ടര്‍ സൈഫ് വേളമാനൂര്‍, നവയുഗം കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.ആര്‍. അജിത്, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഉണ്ണി പൂചെടിയില്‍, നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, എക്സ്പ്രസ് മണി സൌദി അറേബ്യ മേധാവി ആല്‍ബിന്‍ ജോസഫ്, അല്‍ഹസ മേഖല സെക്രട്ടറി ബാബു ചോറന്‍, കുടുംബവേദി മേഖല കണ്‍വീനര്‍ ലിസമ്മ ഫ്രാന്‍സിസ്, കലാവിഭാഗം മേഖല കണ്‍വീനര്‍ റഹീം തൊളിക്കോട്, അല്‍ഹസ മേഖല ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാമില്‍ നെല്ലിക്കോട്, ഹക്കീം തൊളിക്കോട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നവയുഗം അല്‍ഹസ മേഖല രക്ഷാധികാരി ഹുസൈന്‍ കുന്നിക്കോട് സ്വാഗതവും ജോ. സെക്രട്ടറി ഉണ്ണി മാധവന്‍ നന്ദിയും പറഞ്ഞു.

പ്രവാസി സംഘടനാനേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, പ്രവാസി കുടുംബങ്ങള്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിനു പ്രവാസികള്‍ പരിപാടിയില്‍ പങ്കെടുത്തു.

കാര്യറ എം.എ. വാഹിദ്, സുബി വര്‍മ്മ പണിക്കര്‍, ദീപക് കുമാര്‍, ബിജു മലയടി, അരുണ്‍ ഹരി, ആനന്ദ് അമ്പാടി, മുഹമ്മദ് അലി, ഷാജി കോമത്ത്, നൌഫല്‍, ബാബു, രതീഷ്, പ്രശാന്ത്, ഷിജിത്ത്, മനോജ്, ഷാജി ഇസ്മില്‍, സലിം എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം