ദേവാലയം ഭൌമിക പറുദീസ: ഫാ. സെബാസ്റ്യന്‍ വേത്താനത്ത്
Wednesday, November 25, 2015 7:29 AM IST
ഫീനിക്സ്: ഓരോ ദേവാലയവും ഭൌമിക പറുദീസയുടെ പ്രതീകമെന്ന നിലയിലാണു സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. പറുദീസയില്‍ ജീവന്റെ വൃക്ഷവും, അറിവിന്റെ വൃക്ഷവുമുണ്ടായിരുന്നു. ജീവന്റെ വൃക്ഷമായ ദൈവത്തെ കാണുവാന്‍ ആദത്തിനും ഹവ്വയ്ക്കും കഴിയുമായിരുന്നില്ല. സാത്താന്റെ പ്രലോഭനത്തില്‍ വീണ് ആദിമാതാപിതാക്കള്‍ അറിവിന്റെ വൃക്ഷത്തില്‍നിന്നും ഫലം ഭക്ഷിച്ചപ്പോള്‍, ജീവന്റെ വൃക്ഷമായ ദൈവം പൂര്‍ണ്ണമായും അവരില്‍ നിന്നു മറയ്ക്കപ്പെട്ടു. എന്നാല്‍ ക്രിസ്തുവിന്റെ കുരിശു മരണത്തോടെ ദേവാലയത്തിന്റെ തിരശീല നടുവേ കീറിയപ്പോള്‍ മനുഷ്യന് ദൈവത്തെ കാണുവാനുള്ള സാധ്യത തെളിഞ്ഞുവെന്നും ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ചാന്‍സലര്‍ ഫാ. മാത്യു വേത്താനത്ത് പറഞ്ഞു.

ഫീനിക്സ് ഹോളി ഫാമിലി ദേവാലയത്തില്‍ സംഘടിപ്പിച്ച ദ്വിദിന സെമിനാറില്‍ സീറോ മലബാര്‍ സഭയുടെ ആരാധനാക്രമത്തെക്കുറിച്ചു മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. കത്തോലിക്കാ സഭയുടെ ഏറ്റവും ശക്തവും പരമ്പരാഗതവുമായ ആരാധനാക്രമമാണു സീറോ മലബാര്‍ സഭയുടേത്. ഈ ലിറ്റര്‍ജിയുടെ പ്രതീകാത്മകവും ദൈവശാസ്ത്രപരവുമായ അര്‍ത്ഥവും മനസിലാക്കി കഴിയുമ്പോള്‍ വിശുദ്ധ കുര്‍ബാനയില്‍ സജീവമായി പങ്കെടുക്കാന്‍ വിശ്വാസികള്‍ക്കു കഴിയുമെന്നും ഫാ. മാത്യു വേത്താനത്ത് പറഞ്ഞു.

ഓരോ കുടുംബവും ദൈവത്തോടൊപ്പം വസിച്ചു പറുദീസാനുഭവത്തില്‍ ആയിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. മൃത്യുവോ അമര്‍ത്യതയോ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രത്തോടെയാണു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കല്പനകള്‍ ലംഘിച്ചാല്‍ മര്‍ത്യനായി തീരുന്ന മനുഷ്യനു ദൈവ കല്‍പ്പനകള്‍ അനുസരിക്കുന്നതുവഴി അമര്‍ത്യത കൈവരിക്കാന്‍ കഴിയും.

ഇടവകയിലെ കുടുംബവര്‍ഷാചരണത്തിന്റെ സമാപനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന സെമിനാറിന്റെ ഉദ്ഘാടനം വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ നിര്‍വഹിച്ചു. ആദ്യദിനത്തില്‍ ഇടവകയിലെ വിശ്വാസപരിശീലന വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക ചര്‍ച്ചാക്ളാസുകളും അച്ചന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.

സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ സാജന്‍ മാത്യു, ട്രസ്റി അശോക് പാട്രിക് എന്നിവര്‍ സെമിനാര്‍ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നല്‍കി. മാത്യു ജോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം