യുഎഇ ദേശീയദിനം: ഭാരതീയ സമൂഹത്തിന്റെ സാന്നിധ്യമായി ദുബായി കെഎംസിസി
Tuesday, November 24, 2015 10:13 AM IST
ദുബായി: യുഎഇയുടെ 44-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ബര്‍ദുബായി പോലീസ് ആസ്ഥാനത്ത് നടന്ന വര്‍ണശബളമായ ആഘോഷപരിപാടി നവ്യാനുഭവമായി. സ്വദേശി കുരുന്നുകള്‍ കാഴ്ചവച്ച രാജ്യസ്നേഹം തുളുമ്പുന്ന കലാപ്രകടനവും ധീരരക്തസാക്ഷികളെ ഓര്‍ത്തുകൊണ്ടുള്ള അവരുടെ ദുഃഖസാന്ദ്രമായ ഈരടികള്‍ എന്നിവ ഉദ്യോഗസ്ഥ-അനുദ്യോഗസ്ഥരേയും രക്ഷിതാക്കളേയും ഈറനണിയിച്ചു. ഒപ്പം ധീരജവാന്മാരുടെ സ്മരണ പുതുക്കുകയും രാജ്യം മുഴുവന്‍ ആശ്രിതര്‍ക്കൊപ്പമുണ്െടന്ന സന്ദേശവും ഇതിലൂടെ കൈമാറി.

ഭാരത തനിമ നിറഞ്ഞ നാടന്‍ കലാവതരണത്തോടെ ദുബായി കെഎംസിസി പ്രവര്‍ത്തകരും പോലീസ് മേധാവിയുടെ പ്രത്യേക ക്ഷണപ്രകാരം പരിപാടിയില്‍ പങ്കാളികളായി. ശുഭ്രവസ്ത്രധാരികളായ നൂറുകണക്കിന് പ്രവര്‍ത്തകരേയും കെഎംസിസി നേതാക്കളെയും അധികാരികള്‍ അഭിനന്ദിച്ചു.

യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി. ഇസ്മയില്‍ തുടങ്ങിയവര്‍ രാജ്യത്തിനു അഭിവാദനമേകി. ഇന്തോ- അറബ് സൌഹൃദത്തിന്റെ കണ്ണികളാണ് കെഎംസിസി പ്രവര്‍ത്തകരെന്നും രാഷ്ട്രത്തോടും ജനങ്ങളോടും അവര്‍ കാണിക്കുന്ന സ്നേഹത്തിന് അതിരുകളില്ലെന്നും ദുബായി പോലീസ് മേധാവി ഖലീല്‍ ഇബ്രാഹിം മന്‍സൂരി പറഞ്ഞു. ബര്‍ദുബായി പോലീസ് സ്റേഷന്‍ മേധാവി കേണല്‍ അബ്ദുള്ള ഖാദിം സുറൂര്‍ അല്‍ മല്‍സാം, സൈഫ് ജുമ മുഹമ്മദ് ഖാബീല്‍ (മുലാസിം അവല്‍), ഹുസൈന്‍ മുഹമ്മദ് അബ്ദുള്ള അലി ജുമ ഖല്‍സാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍ ഹാജി, മുഹമ്മദ് പട്ടാമ്പി, എം.എ. മുഹമ്മദ്കുഞ്ഞി, ഹസൈനാര്‍ തോട്ടുംഭാഗം, അഡ്വ. സാജിദ് അബൂബക്കര്‍, ഇസ്മായില്‍ ഏറാമല, അബ്ദുള്‍ഖാദര്‍ അരിപ്പാമ്പ്ര, അഷറഫ് കൊടുങ്ങല്ലൂര്‍, ആര്‍. ഷുക്കൂര്‍, ഹനീഫ കല്‍മാട്ട എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍