അന്ധവിശ്വാസങ്ങള്‍ മാധ്യമ പിന്തുണയോടെ ആഘോഷപൂര്‍വം തിരിച്ചുവരുന്നു: സ്വാമി ജ്ഞാനതപസി
Tuesday, November 24, 2015 8:57 AM IST
ഷിക്കാഗോ: അനാചാരങ്ങള്‍ മാധ്യമങ്ങളുടെ സഹായത്തോടെ ആഘോഷപൂര്‍വം തിരച്ചെത്തുന്ന രീതി കേരളത്തിലുണ്െടന്ന് മതാതീത ആത്മീയതയുടെ വക്താവും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കണ്‍വന്‍ഷനില്‍ മതശക്തികളുടെ സ്വാധീനം മാധ്യമങ്ങളില്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്ത് ആഹാരം കഴിക്കണമെന്നും എന്തു വസ്ത്രം ധരിക്കണമെന്നുമുള്ളത് തീരുമാനിക്കാനുള്ള അവകാശം വ്യക്തിക്കാണ്. അതില്‍ മറ്റുള്ളവര്‍ കൈകടത്തുന്നതു അംഗീകരിക്കാനാവില്ല. വ്യക്തി സ്വാതന്ത്യ്രം കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കരുത് സ്വാമി പറഞ്ഞു. സമൂഹത്തില്‍ ഉയരുന്ന മതമൌലിക വാദങ്ങള്‍ക്കും വംശീയതയ്ക്കും, മതവിദ്വേഷത്തിനും ജാതി വ്യവസ്ഥിതിക്കുമെതിരെ ഒരു സമാന്തരലോകം കെട്ടിപ്പടുക്കുവാന്‍ മാധ്യമങ്ങള്‍ക്കു കഴിയണമെന്നും സ്വാമി ചൂണ്ടിക്കാട്ടി

മതമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും മതമില്ലാത്ത സമൂഹം ഉണ്ടാവണമെന്നും എഴുത്തുകാരിയായ രതീദേവി നിര്‍ദ്ദേശിച്ചു.

അനാചാരങ്ങള്‍ക്കെതിരേ എന്തെങ്കിലും എഴുതിയാല്‍ അത് പ്രസിദ്ധീകരിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ മടിക്കുന്നതായി പി.പി. ചെറിയാന്‍ പറഞ്ഞു.

മതത്തിന്റെ വക്താവാകാതെ മാനവികതയുടെ വക്താവായി മാധ്യമപ്രവര്‍ത്തകര്‍ നില കൊള്ളണമെന്ന് പ്രസന്നന്‍ പിള്ള പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്റെ മതവും കുലവുമൊക്കെ നോക്കി ആക്രമണം നടത്താന്‍ സൈബര്‍ ഗുണ്ടകളെ പല മതങ്ങളും റെഡിയാക്കി നിര്‍ത്തിയിട്ടുണ്െടന്നു ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഒരു മതത്തിന്റെയും വക്താവല്ല താനെങ്കിലും പേരു നോക്കിയാണ് ആക്രമണം. മാതാ അമൃതാനന്ദമയിക്കെതിരേ പുസ്തകമെഴുതിയ ഗെയ്ല്‍ ട്രേഡ്വെല്ലിനെ ഇന്റര്‍വ്യു ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു എന്ന വെസ്റ് ചെസ്ററില്‍നിന്നുള്ള ഗണേശ് നായരുടെ ചോദ്യത്തിന്, ഒരു ജനാധിപത്യ രാജ്യത്തു ആരും ചോദ്യങ്ങള്‍ക്കതീതരല്ലെന്നു ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും കൈകടത്തരുതെന്നു രാജു ഏബ്രഹാം എംഎല്‍എ അഭിപ്രായപ്പെട്ടു. വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കാനും ഓരോരുത്തര്‍ക്കും സ്വാതന്ത്യ്രമുണ്ട്. മതവിശ്വാസമില്ലാത്തയാള്‍ അമേരിക്കയില്‍ വന്നാല്‍ മതവിശ്വാസിയായി മാറുന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്നു പ്രസ് ക്ളബ് പ്രസിഡന്റ് ടാജ് മാത്യു ചൂണ്ടിക്കാട്ടി.

ജീമോന്‍ ജോര്‍ജ് നന്ദി പറഞ്ഞു. ശിവന്‍ മുഹമ്മ മോഡറേറ്ററായിരുന്നു. സുധ കര്‍ത്ത ആമുഖ പ്രസംഗം നടത്തി. സതീശന്‍ നായര്‍, മനു തുരുത്തിക്കാടന്‍, വിന്‍സന്റ് ഇമ്മാനുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം