എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ കലാമാമാങ്കത്തിന് തുടക്കമായി
Monday, November 23, 2015 10:22 AM IST
ന്യൂഡല്‍ഹി: എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കലാമേളക്ക് വികാസ്പുരി കേരള സ്കൂളില്‍ തുടക്കമായി

കേരള സ്കൂളിലെ പ്രവേശന കവാടത്തിനു മുന്നിലൊരുക്കിയ 'വൈക്കം സത്യാഗ്രഹ നവതി സ്മാരക നഗറി'ല്‍ യൂണിയന്‍ പ്രസിഡന്റ് ടി.പി. മണിയപ്പന്‍ പതാക ഉയര്‍ത്തിയതോടെ ഡല്‍ഹിയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിനു കൊടിയേറി. തുടര്‍ന്നു നടന്ന സാംസ്കാരിക സമ്മേളനത്തില്‍ വിശിഷ്ടാതിഥികള്‍ ഭദ്രദീപം തെളിച്ചു. ദൈവ ദശകത്തോടുകൂടി ആരംഭിച്ച കലാമേള ഡല്‍ഹി മലയാളി അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് സി. കേശവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

സാമൂഹിക സാംസ്കാരിക സാമുദായിക സംഘടനകള്‍ ഒന്നിച്ചണിനിരന്ന കലാമേളയുടെ ഉദ്ഘാടനവേദി ഏറ്റവും കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നുവെന്നു പ്രസിഡന്റ് ടി.പി. മണിയപ്പന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഡിഎംഎ ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, എന്‍എസ്എസ് വൈസ് പ്രസിഡന്റ് ബാബു പണിക്കര്‍, കാര്‍ട്ടൂണിസ്റ് സുധീര്‍ നാഥ്, വികാസ്പുരി എന്‍എസ്എസ് പ്രസിഡന്റ് ആര്‍എംഎസ് നായര്‍, എസ്എന്‍ഡിപി യൂണിയന്‍ വൈസ് പ്രസിഡന്റ് കോമള കുമാരന്‍, ഡിഎംഎ മുന്‍ വൈസ് പ്രസിഡന്റ് ജി. ശിവശങ്കരന്‍, ഹസ്ത്സാല്‍ എന്‍എസ്എസ് പ്രസിഡന്റ് രഘുനാഥന്‍ നായര്‍, എസ്എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റ് ടി.കെ. കുട്ടപ്പന്‍, സി.ബി. മോഹനന്‍, പത്തിയൂര്‍ രവി, ശാന്തകുമാര്‍, ഡല്‍ഹി മലയാളി ഹിന്ദു ഓര്‍ഗനൈസസേഷന്‍ കോഓര്‍ഡിനേറ്റര്‍ ഷൈന്‍ ദ്വാരക, എസ്എന്‍ഡിപി വനിതാ വിഭാഗം പ്രസിഡന്റ്് ഓമന മധു, സെക്രട്ടറി സുമതി ചെല്ലപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി കല്ലറ മനോജ് നന്ദി പറഞ്ഞു.

പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, കാര്‍ട്ടൂണ്‍, കഥാരചന, പദ്യരചന, പദ്യപാരായണം, ക്വിസ്, പ്രസംഗം, ലളിതഗാനം, ഗുരുദേവ കൃതി ആലാപനം തുടങ്ങിയവയില്‍ വിവിധ ശാഖകളില്‍നിന്നായി നാനൂറ്റി അമ്പതോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. നൃത്തം, ശാസ്ത്രീയ സംഗീതം, മിമിക്രി, മോണോ ആക്ട്, തിരിവാതിര, നാടന്‍ പാട്ട് തുടങ്ങി 18 ഇനങ്ങളിലായി അറുനൂറോളം മത്സരാര്‍ഥികള്‍ കലാമേളയില്‍ മാറ്റുരയ്ക്കും.

2005ല്‍ തുടക്കമിട്ട കലാമേളക്ക് ഇത്തവണ വികാസ്പുരി ശാഖയാണ് നേതൃത്വം നല്‍കുന്നത്. കലാമേള 29ന് സമാപിക്കും.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി