വി.എം. സുധീരന്റെ ജനരക്ഷായാത്ര യുഡിഎഫ് ഭരണതുടര്‍ച്ചയ്ക്ക് മൃതസഞ്ജീവനിയാകും: ഡോ. പ്രതാപവര്‍മ തമ്പാന്‍
Monday, November 23, 2015 8:55 AM IST
കുവൈത്ത്: കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നടത്തുന്ന ജനരക്ഷായാത്ര യുഡിഎഫ് ഭരണത്തിന്റെ തുടര്‍ച്ചയ്ക്കുള്ള മ്യതസഞ്ജീവനിയായി മാറുമെന്നു കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ഡോ. പ്രതാപവര്‍മ തമ്പാന്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും വി.എം. സുധീരനും രമേശ് ചെന്നിത്തലയും ജനഹൃദയങ്ങള്‍ കീഴടക്കിയവരാണെന്നും അവര്‍ക്കു കീഴില്‍ കോണ്‍ഗ്രസ് ഭദ്രമാണെന്നും തമ്പാന്‍ തുടര്‍ന്നു പറഞ്ഞു. കുവൈത്ത് ഒഐസിസി വയനാട് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാക്ഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുഭരണകാലത്ത് സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിനു ജനപ്രതിനിധികളുടെ ശിപാര്‍ശയുമായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീടുകളില്‍ കാത്തിരിക്കേണ്ട അവസ്ഥയല്ല ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നതെന്നും ലക്ഷക്കണക്കിനു സാധാരണക്കാരനു പ്രയോജനം ലഭിക്കുന്ന ഒട്ടനവധി പദ്ധതികളുടെ പ്രവര്‍ത്തനമാണു തുടര്‍ഭരണത്തിനു കളമൊരുക്കുന്നതെന്നും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അഡ്വ. പി.ടി. തോമസ് പറഞ്ഞു.

ഒഐസിസി വയനാട് ജില്ലാ പ്രസിഡന്റ് അക്ബര്‍ വയനാടിന്റെ അധ്യഷത വഹിച്ചു. ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര, ദേശിയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ് മരാമണ്‍, കൃഷ്ണന്‍ കടലുണ്ടി, ദിനേഷ് മംഗലത്ത് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അലക്സ് മാനന്തവാടി സ്വാഗതവും വൈസ് പ്രസിഡന്റ് മാണി ചാക്കോ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍