'വിശുദ്ധ ഖുര്‍ആന്‍ അറിവുകളുടെ അക്ഷയഖനി'
Monday, November 23, 2015 8:52 AM IST
ദമാം: ആധുനിക ശാസ്ത്രം സമീപ കാലത്ത് കണ്െടത്തിയ നിരവധി ശാസ്ത്രസത്യങ്ങളിലേക്കു നിരവധി സൂചനകള്‍ നല്‍കി 14 നൂറ്റാണ്ടുകള്‍ക്കു മുമ്പേ മാനവ സമൂഹത്തിനു മുഴുവനായും മാര്‍ഗദര്‍ശിയായി അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ അറിവുകളുടെ അക്ഷയഖനിയാണെന്ന് യുവപ്രബോധകനും ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ കോളജ് പ്രഫസറുമായ അര്‍ഷദ് ബിന്‍ ഹംസ അഭിപ്രായപ്പെട്ടു. ദമാം അല്‍കോബാര്‍ ഇസ്ലാഹി സെന്റര്‍ പ്രഫഷണല്‍ വിംഗ് കൂട്ടായ്മ ഫോക്കസ് സംഘടിപ്പിച്ച പതിമൂന്നാമത് ഇന്ററാക്ടീവ് മീറ്റില്‍ ഖുര്‍ആനും ശാസ്ത്രവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിശാസ്ത്രവും ഭൌമ ശാസ്ത്രവും ജീവ ശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും തുടങ്ങി മനുഷ്യന്റെ ഭ്രൂണാവസ്ഥ മുതല്‍ ജീവനും ജീവിതവും എന്നു വേണ്ട, ആധുനിക ശാസ്ത്രത്തിന്റെ പുരോഗതി വരെ ഖുര്‍ആന്‍ സമഗ്രമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു നടന്ന സംശയ നിവാരണ സെഷനില്‍ നിച്ച് ഓഫ് ട്രൂത്ത് ഫൌണ്ടര്‍ ഡയറക്ടര്‍ എന്‍.വി. മുഹമ്മദ് സാലിം സദസ്യരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി.

കുട്ടികളില്‍ ധാര്‍മിക ബോധവും സാമൂഹ്യ ബോധവും സത്യസന്ധതയും നന്നേ ചെറുപ്പത്തില്‍ തന്നെ ശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ അവരുടെ ജീവിതം വഴി തന്നെ അവര്‍ക്ക് മാതൃകയാകണമെന്നും ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ. മുഹമ്മദ് ഷാഫി അഭിപ്രായപ്പെട്ടു. ഫോക്കസ് മീറ്റില്‍ ഐഡിയല്‍ പേരന്റിംഗ് എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഖുര്‍ആനും ശാസ്ത്രവും എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രശ്നോത്തരിയില്‍ വിജയികളായ പതിനാലു പേര്‍ക്ക് ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി മുഹ്സിന്‍ ഒളവണ്ണ ചടങ്ങില്‍ സമ്മാനദാനം നല്‍കി. അബ്ദുള്‍ ജബാര്‍ വിളത്തൂര്‍ സ്വാഗതം പറഞ്ഞു. ഫോക്കസ് വിംഗ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ. അബ്ദുള്‍ കബീര്‍ ഉളിയന്നൂര്‍, നാസര്‍ തൃശൂര്‍, ഷക്കീര്‍ പാലക്കാട്, ഫൈസല്‍ കൈതയില്‍, ഫവാസ് ചെമ്മാട്, ഹംസ പൈമറ്റം, സിറാജ് ആലുവ,മുഹമ്മദ് ഷാക്കിര്‍, അസ്ലം ബുഹാരി, റംഷാദ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം