പരീക്ഷയിലെ വിജയം ജീവത വിജയമല്ല: മേജര്‍ ചന്ദ്രകാന്ത്
Friday, November 20, 2015 7:21 AM IST
റിയാദ്: പരീക്ഷകളിലെ പരാജയം ജീവിതത്തിന്റെ തന്നെ അവസാനമാണെന്നു കരുതുന്ന പ്രവണത വിദ്യാര്‍ഥികളില്‍ അധികരിച്ചു വരുന്നതായും നിരുത്സാഹപ്പെടുത്തേണ്ട ഇത്തരം ചിന്തകളില്‍നിന്നും കുട്ടികളെ മുക്തരാക്കി അവരുടെ മുന്നോട്ടുള്ള ഗതിയില്‍ ഓരോ പരാജയത്തേയും തെറ്റുതിരുത്തി മുന്നോട്ടുപോകാനുള്ള ഊര്‍ജമാക്കി മാറ്റാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും പ്രമുഖ വിദ്യാഭ്യാസ കൌണ്‍സിലറും ക്വിസ് മാസ്റ്ററുമായി മേജര്‍ ചന്ദ്രകാന്ത് അഭിപ്രായപ്പെട്ടു. റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക്കയും സിറ്റിഫ്ളവര്‍ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച നോളജ് ഹവറില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ കഴിവുകള്‍ കണ്െടത്തി പ്രോത്സാഹിപ്പിക്കുകയും അവരുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളില്‍ അവരെ വളര്‍ത്തണമെന്നും ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് മക്കളുടെ ഭാവിയില്‍ ഇടം നല്‍കരുതെന്നും അദ്ദേഹം സദസിലുണ്ടായിരുന്ന രക്ഷിതാക്കളെ ഓര്‍മിപ്പിച്ചു. സിവില്‍ സര്‍വീസിലേക്കും സൈനിക തസ്തികകളിലേക്കും ഉള്ള മത്സരപരീക്ഷകളില്‍ എങ്ങിനെ വിജയം കൈവരിക്കാമെന്ന് വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം വിശദീകരിച്ചു. ഫോര്‍ക്ക രക്ഷാധികാരി സാം സാമുവല്‍ ആമുഖ പ്രസംഗം നടത്തിയ ചടങ്ങ് ഫസല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രന്‍, ശിഹാബ് കൊട്ടുകാട്, ഉബൈദ് എടവണ്ണ, മൊയ്തീന്‍ കോയ കല്ലമ്പാറ, സത്താര്‍ കായംകുളം, പത്മിനി ടീച്ചര്‍, ഇബ്രാഹിം സുബ്ഹാന്‍, മൈമൂന ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫോര്‍ക്ക ചെയര്‍മാന്‍ നാസര്‍ കാരന്തൂര്‍, വൈ. ചെയര്‍മാന്‍ വിജയന്‍ നെയ്യാറ്റിന്‍കര എന്നിവര്‍ മേജര്‍ ചന്ദ്രകാന്തിന് ഫോര്‍ക്കയുടെ ഉപഹാരങ്ങള്‍ കൈമാറി. വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ ജലീല്‍ ആലപ്പുഴ, അലി ആലുവ, സിറാജ് കൊച്ചി എന്നിവര്‍ നല്‍കി. സൈനുദ്ദീന്‍ കൊച്ചി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജന. കണ്‍വീനര്‍ സനൂപ് പയ്യന്നൂര്‍ സ്വാഗതവും ഉമ്മര്‍ മുക്കം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍