ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന്റെ താങ്ക്സ്ഗിവിംഗ് ആഘോഷം
Thursday, November 19, 2015 8:27 AM IST
ഫിലഡല്‍ഫിയ: 'നന്ദി', 'ദയവായി' എന്നീ മാജിക്ക് വാക്കുകള്‍ നിര്‍ലോഭം സംഭാഷണത്തിലും പെരുമാറ്റത്തിലും ഉപയോഗിക്കുന്ന അമേരിക്കന്‍ സംസ്കാരത്തിന്റെ ഭാഗമായുള്ള നന്ദിയര്‍പ്പണത്തിന്റെ ഉല്‍സവം താങ്ക്സ്ഗിവിംഗ് ഫിലാഡല്‍ഫിയായിലെ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐഎസിഎ) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

സീറോ മലബാര്‍, സീറോ മലങ്കര, ക്നാനായ, ലത്തീന്‍ കത്തോലിക്കരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന്‍ നവംബര്‍ 14 ന് (ശനി) കാത്തലിക് ഹെറിട്ടേജ് ഡേയും, താങ്ക്സ് ഗിവിംഗും സംയുക്തമായി ആഘോഷിച്ചു. വൈകുന്നേരം അഞ്ചു മുതല്‍ സെന്റ് തോമസ് സീറോ മലബാര്‍പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടികളില്‍ പൊതുസമ്മേളനം, താങ്ക്സ് ഗിവിംഗ് ഡിന്നര്‍, വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു.

താങ്ക്സ് ഗിവിംഗ് ആഘോഷങ്ങളുടെ മുഖ്യാകര്‍ഷണം ടര്‍ക്കി ഡിന്നര്‍ തന്നെ. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹപ്രഭാഷണം നടത്തി. ടര്‍ക്കി മുറിച്ച് എല്ലാവര്‍ക്കും പങ്കുവച്ചു. ഏഷ്യാനെറ്റ് യുഎസ്എയിലെ ഏറ്റവും ജനപ്രിയ പ്രോഗ്രാമുകളായ 'യുഎസ് വീക്കിലി റൌണ്ടപ്പ്', 'അമേരിക്ക ടുഡേ' എന്നീ വാര്‍ത്താബുള്ളറ്റുകളുടെ അവതാരകനും പ്രശസ്ത കോളമിസ്റും മാധ്യമപ്രവര്‍ത്തകനുമായ ഡോ. കൃഷ്ണാ കിഷോര്‍ മുഖ്യപ്രഭാഷണം നടത്തി. ഫിലാഡല്‍ഫിയ സിറ്റി കൌണ്‍സില്‍ അറ്റ്ലാര്‍ജ് ആല്‍ ടോബന്‍ബര്‍ഗര്‍, ഫിലാഡല്‍ഫിയ അതിരൂപതയുടെ കള്‍ച്ചറല്‍ മിനിസ്ട്രി ഡയറക്ടര്‍ മാത്യു ഡേവിസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഐഎസിഎ പ്രസിഡന്റ് ക്രിസ്റീന പയസിന്റെ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ചെയര്‍മാന്‍ ഫാ. ഷാജി സില്‍വ സ്വാഗതമാശംസിച്ചു. ക്നാനായ മിഷന്‍ ഡയറക്ടര്‍, യൂത്ത് ചാപ്ളെയിന്‍ എന്നീ നിലകളില്‍ നാലരവര്‍ഷത്തെ അമേരിക്കന്‍ സേവനം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ടിനു ചടങ്ങില്‍ ആദരിച്ചു.

ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് ഫിലാഡല്‍ഫിയ മിഷന്‍ ഡയറക്ടര്‍ ഫാ. ഷാജി സില്‍വ, സെന്റ് ജൂഡ് സീറോ മലങ്കര ഇടവകവികാരി ഫാ. സജി മുക്കൂട്ട്, സീറോ മലബാര്‍ പള്ളി വികാരി ഫാ. ജോണിക്കുട്ടി പുലിശേരി, സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു മണക്കാട്ട്, സെന്റ് മേരീസ് ഹോസ്പിറ്റല്‍ ചാപ്ളെയിനും ലാറ്റിന്‍ മിഷന്‍ അസിസ്റന്റ് പാസ്ററുമായ ഫാ. ജോണ്‍ അംബ്രോസ് എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. യൂത്ത് വൈസ് പ്രസിഡന്റ് ഷൈന്‍ തോമസിന്റെ പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി വിന്‍സെന്റ് ഇമ്മാനുവല്‍ എംസിയായി രുന്നു. ട്രഷറര്‍ ചാര്‍ലി ചിറയത്ത് നന്ദി പറഞ്ഞു.

ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച വിവിധ കലാപരിപാടികളില്‍ സീറോ മലബാര്‍ പള്ളിയിലെ കലാപ്രതിഭകളായ ഷാജി മിറ്റത്താനി, റോഷിന്‍ പ്ളാമൂട്ടില്‍, റാണി ജയിംസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ അവതരിപ്പിക്കപ്പെട്ട കോമഡിസ്കിറ്റ്, നൃത്താധ്യാപിക നിമ്മി ദാസിന്റെ മോഹിനിയാട്ടം, ഡോ. ആനി ഏബ്രാഹമിന്റെ മോഹിനിയാട്ടം, ലാറ്റിന്‍ മിഷനിലെ യുവതികളുടെ സിനിമാറ്റിക് ഡാന്‍സ് എന്നിവ കാണികളില്‍ ആവേശമുണര്‍ത്തി. അനൂപ്, ടിനു, ആഷ്ലി, ആന്‍സമ്മ എന്നിവരുടെ ഗാനങ്ങള്‍ പരിപാടികള്‍ക്കു കൊഴുപ്പേകി. ക്രിസ്റി ജെറാള്‍ഡ് കലാപരിപാടികളുടെ എംസിയായിരുന്നു.

ഐഎസിഎ മുന്‍ പ്രസിഡന്റുമാരായ അലക്സ് ജോണ്‍, ഫിലിപ്പ് ഇടത്തില്‍, സണ്ണി പടയാറ്റില്‍, ജോസഫ് മാണി, തോമസ് നെടുമാക്കല്‍, ജോസ് മാളേയ്ക്കല്‍, ഓസ്റിന്‍ ജോണ്‍, ലിസ് ഓസ്റിന്‍, ഫിലിപ് ജോണ്‍, കമ്മിറ്റി അംഗങ്ങളായ രാജമ്മ ഇടത്തില്‍, സജിതാ ജോസഫ്, ബ്രിജിറ്റ് വിന്‍സന്റ്, സൈമണ്‍ തോമസ്, ടെസി മാത്യു, മാത്യു ജോസഫ്, ആലീസ് സ്റീഫന്‍, ഗ്രിഗറി റോമിയോ, ജോസ് ആറ്റുപുറം, ജോര്‍ജ് തോമസ് തുടങ്ങിയവര്‍ ആഘോഷപരിപാടികളില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവലിന്റെ നേതൃത്വം ആഘോഷപരിപാടികളെ വിജയത്തിലെത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍