ഫൊക്കാനയുടെ കേരള കണ്‍വന്‍ഷനുകള്‍ സാംസ്കാരിക കേരളത്തിന്റെ പ്രതിരൂപങ്ങള്‍
Thursday, November 19, 2015 8:25 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാനയുടെ കേരള പ്രവേശനം 2002ല്‍ ആദ്യ കേരള കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചുകൊണ്ടാണ്.

കൊച്ചി താജ് മലബാര്‍ ഹോട്ടലില്‍ നടന്ന മൂന്നു ദിവസം നീണ്ടു നിന്ന കണ്‍വന്‍ഷനില്‍ കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, എ.കെ. ആന്റണി, വയലാര്‍ രവി, കെ.എം. മാണി, ഒ. രാജഗോപാല്‍ തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖരും സുഗതകുമാരി ചെമ്മനം ചാക്കോ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി തുടങ്ങിയ എഴുത്തുകാരും സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖരും സാംസ്കാരിക നായകരും പങ്കെടുത്തു.

പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ അമേരിക്കന്‍ റെഡ് ക്രോസ് സൊസൈറ്റിയുമായി ചേര്‍ന്ന് നടപ്പാക്കിയ പദ്ധതി ആണ് കണ്‍വന്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനായി ഒരു വിദഗ്ധ സംഘത്തെ കേരളത്തില്‍ കൊണ്ടുവരികയും ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ പറ്റുന്ന സാഹചര്യങ്ങള്‍, പരിശീലനവും അടങ്ങുന്നതായിരുന്നു സെമിനാര്‍. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചു പറ്റിയ പദ്ധതിക്കു സര്‍ക്കാര്‍ വേണ്ടത്ര താത്പര്യം കാട്ടിയില്ല. ഒരു ഗ്രാമത്തെ ദത്തെടുത്തു അവിടുത്തെ വികസന പ്രക്രിയയില്‍ പങ്കാളി ആക്കുന്നതിന്റെ ഭാഗമായി 'ഗ്രാമസംഗമം നഗരസംഗമം'എന്ന പരിപാടിക്ക് കണ്‍വന്‍ഷനില്‍ തുടക്കമിട്ടു. രണ്ടു പദ്ധതികള്‍ക്കും സര്‍ക്കാരിന്റെ താത്പര്യമായിരുന്നു മുഖ്യം. അതുകൊണ്ടുതന്നെ പദ്ധതി നടപ്പാക്കാന്‍ സാധിച്ചില്ല.

കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ എംഎ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥികളെ ഒരേ വേദിയില്‍ അണിനിരത്തി നടത്തിയ ഭാഷയ്ക്കൊരു ഡോളര്‍ ചടങ്ങ് അവിസ്മരണീയമായ ചടങ്ങായിരുന്നു.

പിന്നീട് നിരവധി കേരള കണ്‍വന്‍ഷനുകള്‍ കൊച്ചി, കോട്ടയം എന്നിവിടങ്ങളിലായി സംഘടിപ്പിച്ചു.

ഫൊക്കാന കേരള കണ്‍വന്‍ഷനുകള്‍ കേരളത്തിലെ സാധാരണക്കാരായ നിരവധി ആളുകള്‍ക്ക് നേരിട്ട് സഹായം ലഭിച്ചു എന്നതു വലിയ നേട്ടമായിരുന്നു.

തുടര്‍ന്നു ഫൊക്കാനയുടെ ചുവടു പിടിച്ചു പല സംഘടനകള്‍ ഇത്തരം കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ചു. പക്ഷേ അവയ്ക്കൊന്നും ഫൊക്കാനയുടെ സാംസ്കാരിക തനിമ അവകാശപ്പെടാന്‍ സാധിച്ചില്ല എന്നതാണ് സത്യം.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍