ഫ്യൂച്ചര്‍ ഐ തിയേറ്റര്‍ അവതരിപ്പിക്കുന്ന നാടകം 'ബ്ളാക്ക് ഗോള്‍ഡ്'
Thursday, November 19, 2015 8:24 AM IST
കുവൈത്ത്: മോഷന്‍ തിയേറ്റര്‍ എന്ന പുതിയ നാടകസങ്കേതം കുവൈത്തിലെ നാടക പ്രേമികള്‍ക്ക് പരിചയപ്പെടുത്തികൊണ്ട് ഫ്യൂച്ചര്‍ ഐ തിയേറ്റര്‍, കുവൈത്ത് അവതരിപ്പിക്കുന്ന നാടകമാണ് ബ്ളാക്ക് ഗോള്‍ഡ്. സാധാരണ കൂവറാറുള്ള പ്രോസിനിയം, അരീന എന്നീ സങ്കേതങ്ങളില്‍നിന്നു വ്യത്യസ്തമായി പരീക്ഷിക്കപ്പെടുന്ന 'ബ്ളാക്ക് ഗോള്‍ഡ്' ഡിസംബര്‍ രണ്ടാം വാരത്തില്‍ സ്റേജിലെത്തിക്കും.

ഡിസംബര്‍ രണ്ടാം വാരത്തോടെ കുവൈത്തില്‍ അരങ്ങേറുന്ന നാടക സങ്കേതത്തെ പരിചയപ്പെടുത്തുന്നതും നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നതും ഫ്യൂച്ചര്‍ ഐ തിയേറ്റര്‍ വൈസ് പ്രസിഡന്റ് കൂടിയായ ഷമേജ് കുമാര്‍ ആണ്. ഫ്യൂച്ചര്‍ ഐ തിയേറ്റര്‍ പ്രസിഡന്റ് സജീവ് പീറ്റര്‍, സെക്രട്ടറി കൃഷ്ണ കുമാര്‍ തുടങ്ങി ആറോളം കലാകാരന്മാര്‍ ഇതില്‍ വേഷമിടുന്നുണ്ട്. ദീപക് എല്‍.ബി. നായര്‍ ആണ് സഹസംവിധാനവും സംഭാഷണങ്ങളും നിര്‍വഹിക്കുന്നത്.

ഗള്‍ഫില്‍ എന്നല്ല കേരളത്തില്‍പോലും ഈ ഒരു നാടക സങ്കേതം പുതിയതാണ്. കേരളത്തിലെ സ്കൂള്‍ ഓഫ് ഡ്രാമ പോലെയുള്ള സ്ഥാപനങ്ങളിലെ അധ്യാപകരുടെയും ഈ രംഗത്ത് സജീവമായി നില്‍ക്കുന്ന പ്രമുഖ സംവിധായകരുടെയും സഹായ സഹകരണങ്ങളും പദ്ധതിയില്‍ ഉണ്ട്. ഓയില്‍ റിഗില്‍ ജോലി ചെയ്യുന്ന ചില ആളുകളുടെ സ്വപ്നങ്ങളുടെ കഥയാണ് ബ്ളാക്ക് ഗോള്‍ഡ് ചര്‍ച്ച ചെയ്യുന്നത്. ഈ നാടകം മൂന്നു വ്യത്യസ്ത സ്പേസ് ആണ് ഉപയോഗിക്കുന്നത്. നിയതമായ ഒരു സ്റേജ് അടയാളപ്പെടുത്താതെ പ്രകൃതി, സമയം, കാലാവസ്ഥ എന്നിവയോട് ഇണങ്ങിയാണ് ഈ നാടകം സഞ്ചരിക്കുന്നത്.

ഇത്തരത്തില്‍ ഒരു നാടകസംരംഭം നാട്ടിലും ഗള്‍ഫിലും എന്നല്ല ലോക നാടകവേദിയില്‍ പോലും അധികം നടന്നതായി അറിവില്ല. ക്ഷണിക്കപ്പെട്ട ഒരു പറ്റം പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇത് ഇപ്പോള്‍ അവതരിപ്പിക്കാന്‍ കഴിയുക എന്നതാണ് ഒരു ചെറിയ വിഷമമായി ആയി നിലനില്‍ക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍