യുഎഇ ദേശീയ ദിനാഘോഷം: രക്തസാക്ഷി അനുസ്മരണം 30ന്
Thursday, November 19, 2015 8:22 AM IST
ദുബായി: നാല്പത്തിനാലാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചു ദുബായി കെഎംസിസി സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ കെഎംസിസി ആസ്ഥാനത്ത് പുരോഗമിക്കുന്നു. ഡിസംബര്‍ നാലിനു നടക്കുന്ന സമാപന പൊതുസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

സ്വന്തം രാജ്യത്തിനുവേണ്ടി ജീവന്‍ ബലി കഴിച്ച യുഎഇയുടെ ധീര ജവാന്മാരുടെ ഓര്‍മയ്ക്കായി നവംബര്‍ 30നു കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന രക്ത സാക്ഷി അനുസ്മരണ (ഞലാലായലൃശിഴ വേല ങമൃ്യൃ) പരിപാടിയില്‍ പ്രമുഖ സ്വദേശി അറബ് വ്യക്തിത്വങ്ങളും സാംസ്കാരിക നായകന്മാരും വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിക്കും.

നവംബര്‍ 26നു (വ്യാഴം) ദേര നായിഫില്‍ നടക്കുന്ന പോലീസ് പരേഡില്‍, ദുബായി പോലീസിന്റെ ക്ഷണ പ്രകാരം ശുഭ്ര വസ്ത്ര ധാരികളായി കെഎംസിസി നേതാക്കളും അംഗങ്ങളും വിവിധ മാപ്പിള കലാ രൂപങ്ങളുമായി കെഎംസിസി കലാകാരന്മാരും പങ്കെടുക്കും. ഇത് അഞ്ചാം വര്‍ഷമാണു കെഎംസിസി ദുബായി പോലീസിന്റെ ക്ഷണിതാക്കളായി പരേഡില്‍ പങ്കെടുക്കുന്നത്.

കലാ മത്സരങ്ങള്‍ നവംബര്‍ 20നു (വെള്ളി) രാവിലെ എട്ടു മുതല്‍ ദുബായി എന്‍ഐ മോഡല്‍ സ്കൂളില്‍ നടക്കും. ജില്ലകള്‍ തമ്മില്‍ മത്സരിക്കുന്ന സ്പോര്‍ട്സ് മീറ്റ് 27 നു (വെള്ളി) അല്‍ ഖവാനീജിലും ഡിസംബര്‍ രണ്ടിനു ഇതിസലാത് ഗ്രൌണ്ടിലും നടക്കും. മുന്‍ വര്‍ഷങ്ങളിലെന്ന പോലെ ദുബായി മുനിസിപ്പാലിറ്റി 27 നു (വെള്ളി) രാവിലെ സംഘടിപ്പിക്കുന്ന 'ക്ളീന്‍ അപ്പ് ദി വേള്‍ഡ്' യജ്ഞത്തില്‍ ആയിരത്തോളം വരുന്ന കെഎംസിസി അംഗങ്ങള്‍ പങ്കെടുക്കും. ഡിസംബര്‍ നാലിനു എന്‍ഐ മോഡല്‍ സ്കൂള്‍ ഗ്രൌണ്ടില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, അറബ് പ്രമുഖര്‍, സാമൂഹ്യ സാംസ്കാരിക നായകര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയോടനുബന്ധിച്ച് ഇശല്‍ നൈറ്റും അരങ്ങേറും.

വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന പരിപാടിയിലേക്കു വിവിധ ഏരിയ കളില്‍ നിന്നും ബസ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്െടന്ന് ദുബായി കെഎംസിസി പ്രസിഡന്റ് അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുരിചാണ്ടി, ചീഫ് കോഓര്‍ഡിനേറ്റര്‍ അഡ്വ. സാജിദ് അബൂബക്കര്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍