'അമീബ' ആദ്യ പ്രദര്‍ശനം അബുദാബിയില്‍
Wednesday, November 18, 2015 1:35 PM IST
അബുദാബി: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ നേര്‍ക്കാഴ്ചകളുമായി മനോജ് കാന സംവിധാനം ചെയ്തു നിര്‍മിച്ച 'അമീബ'യുടെ ആദ്യ പ്രദര്‍ശനം അബുദാബി കെഎസ്സിയില്‍ വ്യാഴം രാത്രി എട്ടിനു നടക്കും.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നേര് കള്‍ച്ചറല്‍ സൊസൈറ്റിയുടെ രണ്ടാമത്തെ സിനിമയാണ് അമീബ. ആദ്യ സിനിമയായ 'ചായില്യം' നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഒന്നേമുക്കാല്‍ മണിക്കൂര്‍ നീളുന്ന സിനിമയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയിലെ ശ്രദ്ധിക്കപ്പെടാത്ത വിഷയങ്ങളും പ്രശ്നങ്ങളും ജനങ്ങളുടെയും ഭരണകര്‍ത്താക്കളുടെയും ശ്രദ്ധയിലേക്ക് കൊണ്ടുവരാനും ഈ മേഖലയെക്കുറിച്ച് അവബോധം സൃഷ്ട്ടിക്കാനുമാണ് ശ്രമിക്കുന്നതെന്നു മനോജ് കാന പറഞ്ഞു.

ആത്മീയ, അനുമോള്‍, ഇന്ദ്രന്‍സ്, അനൂപ് ചന്ദ്രന്‍, അനീഷ് ജി. മേനോന്‍, സി.കെ.ബാബു, പ്രവീഷ് എന്നിവരും എന്‍ഡോസള്‍ഫാന്‍ ഇരകളായ രണ്ടു വിദ്യാര്‍ഥികളുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ കെഎസ്സി സെക്രട്ടറി മധു പരവൂര്‍, ഡി.കെ. ഷാബു എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള