ഗ്രൂപ്പിസവും വിഴുപ്പലക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അപമാനകരം: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്
Wednesday, November 18, 2015 7:29 AM IST
ഡാളസ്: കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കിടയിലെ ഗ്രൂപ്പിസവും സോഷ്യല്‍ മീഡിയയിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും നടത്തുന്ന വിഴുപ്പലക്കും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അപമാനകരമാണെന്നും കോണ്‍ഗ്രസിന്റെ പാരമ്പര്യവും സംസ്കാരവും കളങ്കപ്പെടുത്തുന്ന തരത്തിലുള്ള നേതാക്കന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണ മേര്‍പ്പെടുത്തണമെന്നും ഇല്ലെങ്കില്‍, വരുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ഡിഎഫ്ഡബ്ള്യു യൂണിറ്റ് പ്രവര്‍ത്തകയോഗം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളുന്ന ഈ പ്രമേയത്തിന്റെ പകര്‍പ്പ് കെപിസിസി., എഐസിസി, കേരള മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് അടിയന്തരമായി അയച്ചു കൊടുക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി.

നവംബര്‍ 15-നു വൈകുന്നേരം അഞ്ചിനു ഗാര്‍ലന്‍ഡ് ഇന്ത്യന്‍ റസ്ററന്റില്‍ ചേര്‍ന്ന പ്രവര്‍ത്തക യോഗത്തില്‍ പ്രസിഡന്റ് രാജന്‍ മാത്യു അധദ്ധ്യക്ഷത വഹിച്ചു. ടെക്സാസ് റീജിയന്‍ പ്രസിഡന്റ് ബോബന്‍ കൊടുവത്ത്, ടെക്സാസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പി.പി. ചെറിയാന്‍, തോമസ് രാജന്‍, ജെ.പി.ജോണ്‍, റോയ് കൊടുവത്ത്, ബിനീഷ് മാത്യു, ഫ്രിക്സ്മോന്‍ മൈക്കിള്‍, സേവ്യര്‍ പെരുമ്പിള്ളി, രാജന്‍ മേപ്പുറം, മാത്യു കേളഞ്ചേരി, ബെന്നി ജോണ്‍, സിബു ജോസഫ്, അജു മാത്യു എന്നിവര്‍ പ്രസംഗിച്ചു.

2016 ജനുവരി 26-നു റിപ്പബ്ളിക് ദിനം സമുചിതമായി ആഘോഷിക്കുന്നതിനും യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തുന്നതിനും തീരുമാനിച്ചു. യൂണിറ്റ് സെക്രട്ടറി ബാബു പി. സൈമണ്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്കറിയാ മൈക്കിള്‍ സ്വാഗതവും, ജോയ് ആന്റണി കൃതജ്ഞതയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി