ഡാളസില്‍ ഹിലരിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉജ്വല തുടക്കം
Wednesday, November 18, 2015 7:29 AM IST
ഡാളസ്: 2016ല്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഹില്ലരിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഡാളസില്‍ തുടക്കം.

ഡാളസ് ഒക്ക് ക്ളിഫിലെ മൌണ്ടന്‍ വ്യൂ കോളേജ് ജിംനേഷ്യത്തില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിക്കേണ്ട സമ്മേളനം, ഡാളസിലുണ്ടായ കനത്ത മഴയും, കാറ്റും മൂലം വിമാനം വൈകി.

സ്റ്റേറ്റ് സെനറ്റര്‍ റോയ്സ് വെസ്റ് ക്ളിന്റനെ സദസിനു പരിചയപ്പെടുത്തി. തുടര്‍ന്ന് മുപ്പതു മിനിട്ട് ഹില്ലരി സംസ്ഥാന ദേശീയ വിഷയങ്ങളെക്കുറിച്ചു സംസാരിച്ചു. എല്‍ജിബിറ്റി വിഭാഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും, സിറിയയില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ടെക്സസ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അഭയം നല്‍കേണ്ടതാണെന്നും, ടെക്സസ് ഗവര്‍ണര്‍ മെഡിക്കെയ്ഡ് വിഷയത്തില്‍ സ്വീകരിച്ച നിഷേധാത്മക സമീപനം താഴ്ന്ന വരുമാനക്കാര്‍ക്കു ദോഷം വരുത്തുമെന്നും ഹില്ലരി പറഞ്ഞു. ഇന്‍ഷ്വറന്‍സ് ഇല്ലാതെ ജീവിക്കുന്ന ഏറ്റവും കൂടുതല്‍ പൌരന്മാരുള്ള സംസ്ഥാനമാണു ടെക്സസെന്ന് അവര്‍ ചൂണ്ടികാട്ടി.

മാര്‍ച്ച് ഒന്നിനു പ്രെെമറി തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ഹില്ലരി ഉറപ്പാക്കി എന്നാണു തെരഞ്ഞെടുപ്പു സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും അടുത്ത് നടന്ന സര്‍വേയില്‍ 61 ശതമാനം വോട്ടര്‍മാര്‍ ഹില്ലരിയെ പിന്തുണച്ചപ്പോള്‍ 30 ശതമാണ് തൊട്ടടുത്ത ഡെമോക്രാറ്റിക് എതിരാളിയായ വെര്‍മൌണ്ട് സെനറ്റര്‍ ബെര്‍ണി സാന്റേഴ്സിന് ലഭിച്ചത്. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രംബുമായിട്ടായിരിക്കും അവസാന മത്സരം നടക്കുക എന്നതാണു രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍