അലിഫ് സ്കൂള്‍ ശിശുദിനം ആഘോഷിച്ചു
Tuesday, November 17, 2015 10:19 AM IST
റിയാദ്: ഇന്ത്യയുടെ പൊതുമണ്ഡലത്തില്‍ നിന്നും ആശങ്കാജനകമാംവിധം അടര്‍ത്തി മാറ്റപ്പെടുന്ന മതേതര ജനാധിപത്യ മൂല്യങ്ങള്‍ തിരികെപിടിക്കാന്‍ രാഷ്ട്രശില്‍പ്പിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആശയങ്ങളിലേക്കുള്ള മടങ്ങിപ്പോക്ക് അനിവാര്യമാണെന്ന് സൂചിപ്പിച്ചുകൊണ്ട് അലിഫ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ 'വാക്ക് ബാക്ക് ടു നെഹ്റുവിയന്‍ ഇന്ത്യ' എന്ന പ്രമേയത്തില്‍ ശിശുദിനം ആഘോഷിച്ചു.

അലിഫ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി.പി. അലികുഞ്ഞി മൌലവി സാംസ്കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.സി. മുഹമ്മദ് ശൈജല്‍ ശിശുദിന സന്ദേശം നല്‍കി. ലോകത്തിന്റെ ഭാവി കുട്ടികളുടെ കൈകളിലാണെന്നിരിക്കെ നെഹ്റുവിനെ പോലുള്ള രാഷ്ട്ര ശില്‍പ്പികളുടെ ആശയാദര്‍ശങ്ങള്‍ അവര്‍ക്ക് മാര്‍ഗദര്‍ശകമാകണമെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

അലിഫ് ട്രസ്റ് ഡയറക്ടര്‍ ലുഖ്മാന്‍ പാഴൂര്‍, സിഇ.ഒ മഹമൂദ് അബാസ് സര്‍കൂത്തി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. വിവിധ ക്ളാസിലെ കുട്ടികള്‍ അവതരിപ്പിച്ച 'നാനാത്വത്തില്‍ ഏകത്വം' എന്ന ദൃശ്യാവിഷ്കാരം ആകര്‍ഷണീയമായി. 'കാഷ്മീര്‍ ടു കന്യാകുമാരി' എന്ന നൃത്ത ശില്‍പ്പവും വിദ്യാര്‍ഥികളുടെ 'അംബീഷ്യസ് ചൈല്‍ഡ്ഹുഡ്' എന്ന ഡ്രെസ്പ്പ്ഷോയും മികച്ചു നിന്നു.

അക്കാഡമിക് കോഓര്‍ഡിനേറ്റര്‍ അയ്മന്‍ ഖാന്‍, ഹെഡ് മിസ്ട്രസ് ഡോ. ഡൈസമ്മ ജേക്കബ്, കെജി കോഓര്‍ഡിനേറ്റര്‍ സോണിയ മുസ്തഫ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍