നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ നിയമങ്ങളില്‍ സമഗ്ര പരിഷ്കരണം: അരുണ്‍ ജയ്റ്റ്ലി
Tuesday, November 17, 2015 7:49 AM IST
അബുദാബി: ഇന്ത്യയിലേക്കു വിദേശനിക്ഷേപവും വ്യക്തിഗത നിക്ഷേപങ്ങളും ആകര്‍ഷിക്കാനായി നിലവിലുള്ള നിയമങ്ങള്‍ ഇന്ത്യ കാലോചിതമായി

പരിഷ്കരിക്കുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ദുബായിയില്‍ പ്രഥമ ഇന്ത്യ-യുഎഇ സാമ്പത്തികഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോള രംഗത്തെ സാമ്പത്തിക പ്രതിസന്ധികളെ മറികടന്നു ഇന്ത്യയുടെ സാമ്പത്തിക രംഗം മുന്നേറുകയാണ്. എണ്ണവില ഇടിയുന്നത് ഇന്ത്യയ്ക്കു ഗുണകരമായി മാറിയിരിക്കുന്നു. ചൈന ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. എന്നാല്‍, ചൈനയുടെ പ്രതിസന്ധി ഇന്ത്യക്കു തിരിച്ചടിയുണ്ടാക്കില്ല

ഇന്ത്യന്‍ വാണിജ്യരംഗത്തിനു പുതിയ ഉണര്‍വു നല്‍കുന്നതിനായി നിക്ഷേപങ്ങള്‍ക്ക് സ്ഥിരത ഉറപ്പാക്കാനും തീരുമാനങ്ങള്‍ പെട്ടെന്ന് എടുപ്പിക്കാനും ആ തീരുമാനങ്ങള്‍ക്കു കൂടുതല്‍ സ്വീകാര്യതയും വിശ്വാസ്യതയും ഉണ്ടാക്കാനും ശ്രമങ്ങള്‍ നടക്കുന്നു. നാലു പതിറ്റാണ്ടുകൊണ്ട് ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ദൃഡമായിരിക്കുന്നു. നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം ഇതിനു വലിയ പ്രചോദനമായിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.

യുഎഇ. സാമ്പത്തികകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി അഹ്മദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ഷെഹി, ഫിക്കി പ്രസിഡന്റ് ഡോ. ജ്യോത്സന സുരി, ഫുജൈറ ഫ്രീസോണ്‍ സിഇഒ ഷരീഫ് അല്‍ അല്‍വാദി തുടങ്ങിയവര്‍ പ്രസംഗിച്ചു.

അബൂദബി ഇന്‍വെസ്റ്മെന്റ് അഥോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഷെയ്ഖ് ഹമദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി ജയ്റ്റ്ലി ഇന്നു ചര്‍ച്ച നടത്തും.

അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായും ജയ്റ്റ്ലി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ക്കു പിന്നാലെയാണ് അരുണ്‍ ജയ്റ്റ്ലിയുടെ യുഎഇ സന്ദര്‍ശനം. ഇത് ഇന്ത്യയും യുഎഇയും തമ്മിലുള്ള സൌഹൃദം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കും. എണ്ണ, ഭക്ഷ്യ മേഖലകള്‍, പുനരുപയോഗ ഊര്‍ജം, വിനോദ സഞ്ചാരം, മെഡിക്കല്‍ ടൂറിസം, ബഹിരാകാശ രംഗം എന്നിവയിലെല്ലാം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ അടിസ്ഥാനസൌകര്യ വികസന മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ലക്ഷ്യമിടുന്നുണ്ട്

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള