എന്‍ആര്‍കെ ഫോറം - ജരീര്‍ ബുക് സ്റ്റോര്‍ 'സമസ്യ 2015' പ്രശ്നോത്തരി മത്സരം സമാപിച്ചു
Monday, November 16, 2015 7:16 AM IST
റിയാദ്: അറിവിന്റെ പുതിയ തലങ്ങള്‍ പങ്കാളികളായ വിദ്യാര്‍ത്ഥികള്‍ക്കും സദസ്സിനും പകര്‍ന്നു കൊടുത്ത എന്‍ആര്‍കെ വെല്‍ഫെയര്‍ ഫോറം ജരീര്‍ ബുക് സ്റ്റോര്‍ സമസ്യ 2015 ഇന്റര്‍ സ്കൂള്‍ പ്രശ്നോത്തരി മത്സരം സമാപിച്ചു. വെള്ളിയാഴ്ച റിയാദിലെ അല്‍ ആലിയ ഇന്റര്‍നാഷണല്‍ സ്കൂളില്‍ വെച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ടീം ഒന്നാം സ്ഥാനവും റിയാദിലെ യാര ഇന്റര്‍നാഷണല്‍ സ്കൂള്‍, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ റിയാദ് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിന ആനന്ദ്സായ്, പാര്‍ത്ഥസാരഥി എന്നിവരാണ് പ്രതിനിധീകരിച്ചത്. യാര ഇന്റര്‍നാഷണല്‍ സ്കൂളിനെ ലിയാന്‍ഡര്‍ മബെന്‍, മുഫീദുറഹ്മാന്‍ എന്നിവര്‍ പ്രതിനിധീകരിച്ചപ്പോള്‍ ഐ.ഐ.എസ് റിയാദിന് വേണ്ടി ഷഹബാസ് ബഷീര്‍, ഷേഖ് ഷുവരുണ്‍ എന്നിവരായിരുന്നു മത്സരിച്ചത്.

ആവേശഭരിതമായിരുന്ന മത്സരത്തില്‍ ടീമുകള്‍ ഇഞ്ചോടിഞ്ച് പോരാടിയാണ് വിജയം വരിച്ചത്. പ്രമുഖ ക്വിസ് മാസ്റ്റര്‍ മേജര്‍ ചന്ദ്രകാന്തിന്റെ പരിചയസമ്പത്ത് മത്സരത്തിന്റെ വീറും വാശിയും അവസാനം വരെ നിലനിര്‍ത്തി. ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിന് നാലാം സ്ഥാനവും ജിദ്ദ മവാരിദ് സ്കൂള്‍ അഞ്ചാം സ്ഥാനവും അല്‍ വുറൂദ് സ്കൂള്‍ ജിദ്ദ ആറാം സ്ഥാനവും നേടി.

മത്സരാനന്തരം നടന്ന സമാപനച്ചടങ്ങില്‍ എന്‍.ആര്‍.കെ ഫോറം ചെയര്‍മാന്‍ ബാലചന്ദ്രന്‍, ജന. കണ്‍വീനര്‍ വി.കെ മുഹമ്മദ് ട്രഷറര്‍ അഷ്റഫ് വടക്കേവിള പ്രോഗ്രാം കണ്‍വീനര്‍ ഷാജി മജീദ് അല്‍ ആലിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷാനു എന്നിവര്‍ സന്നിഹിതരായിരുന്നു. മുഖ്യാതിഥി ജരീര്‍ ബുക്സ്റ്റോര്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ മഹായ് അലി അല്‍ ബുഹൈരി ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. എന്‍.ആര്‍.കെ ഫോറം ഭാരവാഹികളായ ജെറോം മാത്യു, നാസര്‍ കാരന്തൂര്‍, ഇസ്മായില്‍ എരുമേലി, ഷെരീഫ് പാലത്ത്, സത്താര്‍ കായംകുളം, രാജേഷ് കോഴിക്കോട്, ബാബു കൊടുങ്ങല്ലൂര്‍, ഇല്യാസ് മണ്ണാര്‍ക്കാട്, സൈനുദ്ദീന്‍, മൊയ്തീന്‍ കോയ, കോശി മാത്യു, മുരളി, സാമുവല്‍ തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള വ്യക്തിഗത ട്രോഫികള്‍ സമ്മാനിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഷാജി മാജീദ് സ്വാഗതം പറഞ്ഞു. വി.കെ മുഹമ്മദ്, ഷാനു, മഹായ് അലി, ഡൊമിനിക് സൈമണ്‍, സത്താര്‍ കായംകുളം എന്നിവര്‍ വിജയികളെ അനുമോദിച്ച് സംസാരിച്ചു. ക്വിസ് മാസ്റ്റര്‍ മേജര്‍ ചന്ദ്രകാന്തിനുള്ള ഉപഹാരം ബാലചന്ദ്രനും ജരീര്‍ ബുക്സ്റ്റോറിനുള്ള മെമന്റോ വി.കെ മുഹമ്മദും നല്‍കി. അഷ്റഫ് വടക്കേവിള നന്ദി പറഞ്ഞു.

ഫോട്ടോ: എന്‍.ആര്‍.കെ ഫേറം റിയാദില്‍ ജരീര്‍ ബുക് സ്റ്റോറിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സമസ്യ 2015 ഇന്റര്‍ സ്കൂള്‍ പ്രശ്നോത്തരി മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിനുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും ജരീര്‍ ബുക്സ്റ്റോര്‍ മാനേജര്‍ മഹായ് അലി അല്‍ ബുഹൈരി സമ്മാനിക്കുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍