ദമാം ടൌണ്‍ നവോദയ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു
Sunday, November 15, 2015 6:38 AM IST
ദമാം: ടൌണ്‍ നവോദയയും അല്‍റയാന്‍ പോളിക്ളീനിക്കും സംയുക്തമായി നവംബര്‍ 14ലെ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സൌജന്യ പ്രേമഹ രോഗ നിര്‍ണയ ക്യാമ്പും മെഡിക്കല്‍ പരിശോധനയും സംഘടിപ്പിച്ചു.

13 നു (വെള്ളി) രാവിലെ ഒമ്പതിനു റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നവോദയ ട്രഷറര്‍ സുധീഷ് തൃപ്രയാര്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് മനോഹരന്‍ അധ്യക്ഷത വഹിച്ചു. ടൌണ്‍ നവോദയ ഏരിയ സെക്രട്ടറി സുരേഷ് അലനല്ലൂര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്നു ക്ളീനിക്കിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നിസാര്‍ അഹമ്മദ് ക്ളാസെടുത്തു. 45 വയസ് തികഞ്ഞവര്‍ മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും ആശുപത്രികള്‍ സന്ദര്‍ശിച്ചു നമ്മുടെ ആരോഗ്യ സംരക്ഷണം നടത്തണമെന്നുള്ള ഓര്‍മപെടുത്തലോടെയാണു പ്രമേഹ ബോധവത്കരണ ക്ളാസ് അവസാനിപ്പിച്ചത്.

പരിപാടിക്കുശേഷം പ്രമേഹ രോഗനിര്‍ണയവും ഡോക്ടര്‍മാരുടെ പരിശോധയും നടന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ചെറിയ തുകയ്ക്ക് സൌജന്യമായി പ്രമേഹ നിര്‍ണയം തുടര്‍ ദിവസങ്ങളില്‍ ക്ളീനിക്കില്‍നിന്നു ലഭ്യമാക്കുന്ന ഒരു പദ്ധതിയും ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കു ലഭ്യമായി.

നവോദയ രക്ഷാധികാരി ഇ.എം. കബീര്‍, ക്ളീനിക് ചുമതലക്കാരനായ അഷറഫ് ആളത്ത് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ ഏരിയ നേതാക്കളും മേഖല, യൂണിറ്റ് നേതാക്കളും നവോദയ പ്രവര്‍ത്തകരും പങ്കെടുത്തു. മെഡിക്കല്‍ ക്യാമ്പിന് ടൌണ്‍ ഏരിയ ട്രഷറര്‍ കെ.വി. ചന്ദ്രന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം