പാരീസ് ഭീകരാക്രമണം: ഒബാമ അപലപിച്ചു, യുഎസ് നഗരങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു
Saturday, November 14, 2015 6:01 AM IST
വാഷിംഗ്ടണ്‍ ഡിസി: ആകമാന മനുഷ്യരാശിയ്ക്കെതിരേയുള്ള ആക്രമണമാണു പാരിസില്‍ നടന്നതെന്നു അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ കുടുംബങ്ങളുടെ ദുഖത്തില്‍ അമേരിക്കന്‍ ജനതയും പങ്കുചേരുന്നതായി വൈറ്റ് ഹൌസില്‍ നിന്നും പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

വെള്ളിയാഴ്ച വൈകിട്ടു ഫ്രഞ്ച് പ്രസിഡന്റ് ഫാന്‍സ്വാ ഒളാന്ദിനെ ഫോണില്‍ വിളിച്ചു അമേരിക്കയുടെ പൂര്‍ണ പിന്തുണ ഒബാമ വാഗ്ദാനം ചെയ്തു. ഭീകരവാദ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്നതിനു ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്നും ഒബാമ അഭ്യര്‍ത്ഥിച്ചു.

പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്ക്, ബോസ്റണ്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു കൂടുതല്‍ സൈന്യത്തെ നിയോഗിച്ചതായി ഹോംലാന്റ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാരീസിലേക്കുള്ള യാത്ര മാറ്റിവയ്ക്കുമോ എന്ന ചോദ്യത്തോടു ഒബാമ പ്രതികരിച്ചില്ല.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍